തിരുവനന്തപുരം: പട്ടികജാതി ക്ഷേമകാര്യ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപറേഷന്റെ നേതൃത്വത്തിൽ പ്രത്യേക ആഭ്യന്തര അന്വേഷണ സംഘത്തെ നിയോഗിച്ചതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീമിന്റെ നേതൃത്വത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പദ്മകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, കോർപറേഷൻ സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസർ എന്നിവരടങ്ങളുടെ സമിതിയാണ് ആരോപണങ്ങൾ പരിശോധിക്കുക. 15 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ കോർപറേഷനെ പ്രതിസ്ഥാനത്ത് നിറുത്താൻ രാഷ്ട്രീയപരമായി ചിലർ ശ്രമിക്കുകയാണ്. കോർപറേഷൻ ഓഫീസിൽ ഇതിന്റെ ഒരു സെക്ഷൻ മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രമോട്ടർമാരെ തിരഞ്ഞെടുത്തതിൽ മുൻ മേയർക്കെതിരായ ബി.ജെ.പി ആരോപണങ്ങളോട് മറുപടി പറയുന്നില്ല. തെറ്റ് ആര് ചെയ്താലും കണ്ടെത്തും. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണെന്നും മേയർ വ്യക്തമാക്കി.