പോത്തൻകോട്: വീടുകയറി ഗൃഹനാഥനെ മർദ്ദിക്കുകയും കാർ അടിച്ചു തകർക്കുകയും വഴിയാത്രക്കാരെ ആക്രമിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതികളെ അറസ്റ്റുചെയ്തു. കാട്ടായിക്കോണം രാജു ഭവനിൽ ഡിങ്കൻ എന്നു വിളിക്കുന്ന മിഥുൻ (36), അയിരൂപ്പാറ മേലെ കാവുവിള വീട്ടിൽ കറു എന്ന വിഷ്ണു (36) എന്നിവരെയാണ് പോത്തൻകോട് പൊലിസ് അറസ്റ്റുചെയ്തത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗർ എസ്.എൽ. ഭവനിൽ ബിനീഷിനെ (32) നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
ബൈക്കിലെത്തിയ മൂന്നംഗ സംഘം ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽക്കയറി അയാളെ കമ്പിവടി കൊണ്ടും ബിയർ കുപ്പി കൊണ്ടും അടിച്ചശേഷം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ച് തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായ പ്രതികൾ.