nadiya-moydu

നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നദിയ മൊയ്തു. 36 വർഷം മുമ്പ്, 1984 ഒക്ടോബറിലായിരുന്നു നോക്കത്താ ദൂരത്ത് എന്ന സിനിമ പുറത്തിറങ്ങിയത്. ഗേളി എന്ന കഥാപാത്രത്തെയായിരുന്നു നദിയ മൊയ്തു ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ പേര് കേൾക്കുമ്പോൾ ആ ചിത്രത്തിലെ കഥാപാത്രങ്ങളെ മലയാളികൾക്ക് ഓർമ്മ വരും. മൂന്ന് ബാലതാരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തിലകൻ അവതരിപ്പിച്ചിരുന്ന അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ മക്കളായ ജെക്കബ് അലക്സാണ്ടർ, ഉണ്ണി അലക്സാണ്ടർ, ജോ അലക്സാണ്ടർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മാസ്റ്റർ സാം, മാസ്റ്റർ ആസിഫ്, മാസ്റ്റർ ചെറിയാൻ എന്നീ ബാലതാരങ്ങളായിരുന്നു. ഇതിൽ രണ്ട് പേർക്കൊപ്പമുള്ള ഒരു ചിത്രം സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നദിയ മൊയ്തു ഇപ്പോൾ. വർഷങ്ങൾക്ക് ശേഷം സാം അഥവാ സമീർ, ആസിഫ് എന്നിവരെ കണ്ടെത്തിയപ്പോഴുള്ള ചിത്രമാണ് നദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

nadiya-moydu

"ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികൾ. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോകുന്നത്.." എന്ന ക്യാപ്ഷനും നദിയ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. അടുത്തിടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ നദിയ സജീവമായി തുടങ്ങിയത്. അഭിനയജീവിതത്തിൽ നിന്നുള്ള പഴയ ചിത്രങ്ങളും ഓർമകളുമെല്ലാം ഇടയ്ക്കിടെ നദിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മുംബൈയിൽ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭർത്താവ് ശിരീഷ് ഗോഡ്‌ബോലേ മുംബൈയിൽ സാമ്പത്തിക വിദഗ്ദ്ധനായി ജോലി ചെയ്യുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് നദിയയുടെ കുടുംബം അമേരിക്കയിൽ നിന്നും മുംബയ്‌ലേക്ക് മടങ്ങിയെത്തിയത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഏറെ നാൾ ഇന്ത്യയിൽ നിന്നും വിട്ടു നിന്ന നദിയ 'എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.