kaliyanm

പേരാമ്പ്ര: ഗതകാല ഗൃഹാതുര സ്മരണകൾ ഒരിക്കൽ കൂടി അയവിറക്കി വിളയാട്ടൂർ മൂട്ടപറമ്പുകാർ ഇത്തവണയും ചെണ്ട കൊട്ടിയും ചൂട്ട് കത്തിച്ചും കലിയനെ വിളിച്ചു.
'കലിയാ...കലിയാ കൂയ്... ചക്കേം മാങ്ങേം കൊണ്ടത്താ..'
നാട്ടിൽ എന്നോ മുതൽ മുഴങ്ങിയതാണ് കലിയനെ വിളി. ഇത്തവണയും പതിവ് തെറ്റിച്ചില്ല മൂട്ടപറമ്പ് ഗ്രാമം. പോയ കാല കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലനിൽക്കുന്ന ഈ ചടങ്ങിൽ മുഴങ്ങിയത് കർഷകന്റെ ഒരു കാലത്തെ ദുരിത വിലാപമായിരിക്കണം. കലിയനെ വിളിച്ച് സമൃദ്ധിയെ ഉറപ്പാക്കി ജൈവിക സംതുലനം ഉറപ്പാക്കിയ നിഷ്‌കളമായ ആചാരം ! കാർഷിക സമൃദ്ധിക്ക് വേണ്ടി പ്രകൃതി ശക്തിയോട് ആവശ്യപ്പെടുന്ന ഒരു കാർഷിക സംസ്‌കൃതിയിൽ കലിയൻ ഒരു ആരോപിത ആശ്രയബിംബമാണ് .തികച്ചും അനുഷ്ഠാന പരമായ ഈ ചടങ്ങിൽ ഒരു തരം കാതാർസിസും കാണാം. വടക്കെ മലബാറാണ് കലിയൻ വിളി കൊണ്ട് ഇന്നും ശ്രദ്ധേയം. വാഴത്തട്ടകൊണ്ട് ഏണി നിർമ്മിച്ച് പ്ലാവിലകൊണ്ട് ആല കൂട മൂരി, പശു എന്നിവയെ നിർമ്മിച്ച്, ചൂട്ട് കത്തിച്ച് കലിയനെ വിളിക്കുന്നു. ഈ വർഷത്തെക്കാൾ മികച്ച വിള സമൃദ്ധി സമ്മാനിച്ച് വരുംകാലം വറുതി കുറയ്ക്കാൻ സഹായക്കേണമേ എന്ന കലിയനോടുള്ള അപേക്ഷയാണ് ഈ ചടങ്ങ്. കലിയനെ യാത്രയയച്ചാൽ കർക്കിടകമാണ്. ഒന്ന് മുതൽ എല്ലാ വീടുകളിലും ശീപോതിക്ക് കൊടുക്കുന്ന ചടങ്ങുണ്ട്. ഇലയിൽ ഭസ്മം, തുളസി, ചന്ദനം, കിണ്ടിയിൽ വെള്ളം എന്നിവ വെച്ചാണ് ശീപോതി കൊടുക്കൽ. ഇത് കർക്കടകം 31 വരെ നീളും. കൂടുതൽ സമൃദ്ധിയുള്ള നല്ല കാലത്തിന് വേണ്ടി നല്ല വിളവിനായി പ്രകൃതിയോടും കലിയനെന്ന ശക്തിയോടും ആവശ്യപ്പെടുന്ന പാരമ്പര്യത്തിന്റെ ഉറവകൾ കെട്ടുപോകാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിക്കപ്പെടുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് പ്രോട്ടോകോൾ പാലിച്ചാണ് ഈ വർഷം മൂട്ടപറമ്പിൽ കലിയനെ വരവേറ്റത്.
കൂനിയത്ത് നാരായണൻ കിടാവ്, കീഴലാട്ട് സുധാകരൻ, പി.സി. കുഞ്ഞിരാമൻ നമ്പ്യാർ, സി. കുഞ്ഞിരാമൻ നായർ, പി.സി. നാരായണൻ നമ്പ്യാർ, കെ.കെ. ശിവദാസ്, കെ.പി. കനകദാസ് തുടങ്ങിയവർ നേതൃത്വം നൽകി.