തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി ഭാവിയിൽ ജില്ലാ ജഡ്‌ജിയോ വിരമിച്ച ജില്ലാ ജഡ്‌ജിയോ ആയ വനിതയെ മാത്രം നിയമിക്കാനുള്ള നിയമഭേദഗതിക്ക് സർക്കാർ നീക്കം. ഇതിനായി വനിതാകമ്മിഷൻ നിയമം ഭേദഗതി ചെയ്യുന്ന ബിൽ വരുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കരട് നിയമവകുപ്പിന്റെ പരിശോധനയിലാണ്.
സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും അനുഭവസമ്പത്തും സ്ത്രീപ്രശ്നങ്ങളോട് പ്രതിബദ്ധതയുമുള്ള വനിതയായിരിക്കണം അദ്ധ്യക്ഷയെന്നാണ് വനിതാകമ്മിഷൻ നിയമത്തിലെ വ്യവസ്ഥ. ഇതിലാണ് സിറ്റിംഗോ വിരമിച്ചതോ ആയ വനിതാ ജില്ലാ ജഡ്ജി എന്ന ഭേദഗതി കൊണ്ടുവരുന്നത്.
ഇതോടെ എം.സി. ജോസഫൈൻ രാജിവച്ച ഒഴിവിൽ, ജില്ലാ ജഡ്ജിയായിരുന്ന ആരെങ്കിലുമാകും പുതിയ അദ്ധ്യക്ഷയാവുക. പരാതി പറയുന്നവരോട് ധാർഷ്ട്യത്തോടെ പെരുമാറിയത് വൻ വിവാദമായതോടെയാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ജോസഫൈന് ഒഴിയേണ്ടി വന്നത്.
1990ൽ വനിതാകമ്മിഷൻ ബിൽ പാസാക്കിയെങ്കിലും 1995ലാണ് ആദ്യത്തെ വനിതാകമ്മിഷൻ രൂപീകൃതമായത്. അന്തരിച്ച സുഗതകുമാരി ആയിരുന്നു ആദ്യത്തെ അദ്ധ്യക്ഷ. സുഗതകുമാരിക്ക് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നല്ലാതെ ആ പദവിയിലിരുന്നത് അന്തരിച്ച ജസ്റ്റിസ് ഡി. ശ്രീദേവി ആണ്.
അദ്ധ്യക്ഷയെ കൂടാതെ കമ്മിഷന് നാലിൽ കുറയാത്ത അംഗങ്ങളുണ്ടാവണം. അതിലൊരാൾ പട്ടികജാതി-വർഗ പ്രതിനിധിയാവണം.
കേരളത്തിൽ സ്ത്രീധന പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മറ്റും വർദ്ധിക്കുമ്പോൾ ഭേദഗതി നീക്കം ശ്രദ്ധേയമാണ്. സ്ത്രീധനത്തിനെതിരെയും സ്ത്രീസുരക്ഷാ പ്രശ്നത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമനുഷ്ഠിച്ചത് ചർച്ചയായിരുന്നു. ഗവർണർ വിഷയത്തിൽ തുടർന്നും ഇടപെട്ടുവരികയാണ്.