തിരുവനന്തപുരം: ബീമാപള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബീമാപള്ളി ഹൈസ്കൂളിന് സമീപം പുതുവൽ ഹൗസിൽ സമീർഖാനെയാണ് (24) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
20ന് രാത്രി 9നാണ് സംഭവം. ബീമാപള്ളി മാണിക്യവിളാകം സ്വദേശി അഫ്സൽഖാനെ ബന്ധുവായ സമീർഖാൻ ഉൾപ്പെട്ട അഞ്ചംഗസംഘം ക്രൂരമായി മർദ്ദിക്കുകയും കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. അഫ്സൽഖാന്റെ കൂടെയുണ്ടായിരുന്ന അനുജനും മർദ്ദനമേറ്റിരുന്നു. പ്രാവ് വളർത്തലുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.
പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ അഭിലാഷ്, എ.എസ്.ഐ സുരേന്ദ്രൻ, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസ്സിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.