നെയ്യാറ്റിൻകര: കഴിഞ്ഞ 20 വർഷത്തോളമായി വേനലിലും മഴക്കാലത്തും ഒരുപോലെ വെളളത്തിൽ മുങ്ങിയ അവസ്ഥയിലാണ് വെൺപകലിലെ 7 ഏക്കറോളമുളള നീലറ ഏലാപ്രദേശം. വെൺപകൽ ഏലാ നടുത്തോടിലെ വെളളമാണ് നീലറ വയലിലേക്ക് ഒഴുകുന്നത്. കർഷകരെല്ലാം ഈ പ്രദേശത്ത് കൃഷിയിറക്കുന്നതിൽ നിന്നും പിന്തിരിയുകയാണ്. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ശാസ്താംന്തല വാർഡിൽ ഉൾപ്പെട്ട നീലറയിൽ മരച്ചീനി, വാഴ,പച്ചക്കറി തുടങ്ങിയവയാണ് പ്രധാന കൃഷിവിളകൾ. ജലമൊഴുക്കിവിടാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തോട് നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ വെളളം ഏലായിലേക്ക് തന്നെ തിരിച്ചിറങ്ങുകയാണ് പതിവ്. പ്രശ്നം ഉന്നയിച്ച് നിരവധി തവണ എം.എൽ.എയ്ക്കും അതിയന്നൂർ ഗ്രാമപഞ്ചായത്തിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കർഷകരുടെ പരാതി. തൊട്ടടുത്ത തോടുകളിൽ പാർശ്വഭിത്തി നിർമ്മിച്ചും വയലിൽ നിന്ന് തോടിലേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പിന്റെ വ്യാസം കൂട്ടി താഴ്ന്ന പ്രദേശം വരെ പൈപ്പ് സ്ഥാപിച്ച് ഏലായിലെ വെള്ളം ഒഴുക്കിവിടുന്നതിന് കഴിഞ്ഞ ഭരണസമിതി കാലത്ത് പഞ്ചായത്തിന്റെ എൻജിനിയറുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് വരെ എടുത്തെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. കൃഷി വ്യാപിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ തന്നെ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഒരു പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയിടം നശിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരണം-കൃഷിയിടത്തിലെ വെളളപ്പൊക്കം തടഞ്ഞ് ഏലാ സംരക്ഷിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് വെൺപകൽ ഏലാ കർഷകസമിതി സെക്രട്ടറി വെൺപകൽ ഭുവനേന്ദ്രകുമാറും മുൻ അതിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം എ.ഷിബുവും ആവശ്യപ്പെട്ടു.
ഫോട്ടോ; എപ്പോഴും വെളളം കെട്ടിനിൽക്കുന്ന നീലറ ഏലാപ്രദേശം