തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും സമയബന്ധിതമായി പരിഹാരം കാണാനും പുതിയ വെബ് പോർട്ടൽ തുറക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. `മീറ്ര് ദ മിനിസ്റ്രർ' പദ്ധതിയുടെ ഭാഗമായി ജില്ലകളുടെ ചുമതല വഹിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് തുടർ നടപടികൾ ഉറപ്പാക്കേണ്ടത്.
തലസ്ഥാനത്തെ മീറ്ര ദ മിനിസ്റ്രർ പരിപാടിക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് (എറണാകുളം,കോഴിക്കോട്, പാലക്കാട്), കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്യം (കോട്ടയം, തൃശൂർ, മലപ്പുറം), വ്യവസായ ഡയറക്ടർ ഹരികിഷോർ (തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി), മൈനിംഗ് ഡയറക്ടർ ഇമ്പശേഖർ (കാസർകോട്, വയനാട്, കണ്ണൂർ) എന്നിവർക്കാണ് വിവിധ ജില്ലകളുടെ ചുമതല.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്കു പരിഹാരം കാണാനും വിഷയങ്ങളിൽ വ്യക്തത വരുത്താനും ജില്ലാതല, സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗങ്ങളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യവസായ നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പുതുക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകാനുള്ള മൂന്നംഗ സമിതിയെ
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി നയിക്കും. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടി. നന്ദകുമാർ, നിയമ പരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ എന്നിവരാണ് മറ്ര് അംഗങ്ങൾ. വ്യവസായ സമൂഹവുമായും സംരംഭകരുമായും ആശയവിനിമയം നടത്തിയാകും സമിതി നിർദേശങ്ങൾ തയാറാക്കുക. പൊതുജനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
സർക്കാർ ഉത്തരവുകളും പുതിയ നിയമങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കു വേണ്ടത്ര അവബോധമില്ലാത്തതിനാൽ അതിവേഗം നടക്കേണ്ട കാര്യങ്ങൾപോലും നൂലാമാലകളിൽപ്പെടുകയാണ്. അതിനാൽ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധം നൽകാൻ നടപടി സ്വീകരിക്കും. വ്യവസായ എസ്റ്റേറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പൊതു രൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കും.