ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡായ പൂവൻപാറയെ കണ്ടെയ്ൻമെന്റ് സേണായി പ്രഖ്യാപിച്ച് കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വെള്ളിയാഴ്ച 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ രോഗബാധിതർ 118 ആയി. 101 പേർ നിരീക്ഷണത്തിലും 9 പേർ ആശുപത്രിയിലും 8 പേർ സി.എഫ്.എൽ.ടി.സിയിലും കഴിയുകയാണ്. കണ്ടെയ്ൻമെന്റ് സോണായ പൂവൻപാറ വാർഡിൽ 14 പേർ രോഗബാധിതരാണ്. കൂടാതെ ആലംകോട്, ഗ്രാമം, തോട്ടവാരം എന്നീ വാർഡുകളിൽ പത്തു വീതവും മൂന്നുമുക്ക് വാർഡിൽ ഒമ്പതും രോഗികളുമുണ്ട്. എൽ.എം.എസ്, ആറാട്ടുകടവ്, കച്ചേരി, അമ്പലംമുക്ക്, രാമച്ചംവിള, കൊടുമൺ, പാലസ് എന്നീ വാർഡുകളിലൊഴിച്ചുള്ള എല്ലാ വാഡുകളിലും രോഗബാധിതരുണ്ട്. നഗരത്തിൽ ഇതുവരെ 53 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നഗരസഭ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായ സി.എസ്.ഐയിൽ 71 പേരുണ്ട്. വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.45 ശതമാനമാണ്. ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.5 ശതമാനമാണ്. ആറ്റിങ്ങൽ മൂന്നാഴ്ചയായി സി കാറ്റഗറിയിൽ തുടരുകയാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ എന്നിവർ പറഞ്ഞു.