shreyams-kumar

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവാതെ പോവുകയും മന്ത്രിസഭാ രൂപീകരണത്തിൽ തഴയപ്പെടുകയും ചെയ്തതോടെ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതൃത്വത്തിൽ വിമതനീക്കം ശക്തിപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിനെതിരെ നേതൃനിരയിലെ മുൻനിര നേതാക്കളാണ് രംഗത്തുള്ളത്. നേതൃമാറ്റം ആവശ്യപ്പെട്ട് ഇവർ അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരദ് യാദവിനെ ഇന്നലെ സമീപിച്ചു. പിന്നാലെ ശ്രേയാംസ് കുമാറും ഡൽഹിയിൽ ശരദ് യാദവുമായി ചർച്ച നടത്തി. പാർട്ടി ദേശീയ ജനറൽസെക്രട്ടറി ഡോ. വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി. ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, നിയമസഭാകക്ഷി നേതാവ് കെ.പി. മോഹനൻ എന്നിവർ ചേർന്നാണ് യാദവിനെ കണ്ടത്. നേതൃമാറ്റത്തിന് അനുകൂല സമീപനം അഖിലേന്ത്യാ അദ്ധ്യക്ഷന്റെ ഭാഗത്തുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.

ജനതാദൾ-എസുമായി ലയിക്കണമെന്ന അഭിപ്രായമാണ് ശ്രേയാംസ് കുമാറിനും അനുകൂലികൾക്കും. എന്നാൽ, അതിന് പ്രായോഗിക തടസ്സമുണ്ടെന്ന് വാദിക്കുന്ന മറുവിഭാഗം നേതൃമാറ്റ നീക്കത്തിന് തടയിടാനുള്ള ഔദ്യോഗികപക്ഷത്തിന്റെ അടവായും ഇതിനെ സംശയിക്കുന്നു.

ഇടതു തരംഗത്തിനിടയിലും പാർട്ടിയുടെ ദയനീയ തോൽവിക്കിടയാക്കിയ കാരണങ്ങൾ അതത് മണ്ഡലങ്ങളിൽ പോലും വിശദമായി ചർച്ച ചെയ്യാൻ നേതൃത്വം തയാറാകുന്നില്ലെന്നാണ് നേതാക്കളുടെ പരാതി. മന്ത്രിസഭാ രൂപീകരണത്തിൽ തീരെ ചെറിയ ഒറ്റക്കക്ഷി വരെ പരിഗണിക്കപ്പെട്ടിട്ടും പല ജില്ലകളിലും നിർണായക സ്വാധീനമുള്ള എൽ.ജെ.ഡി അംഗം തഴയപ്പെട്ടു. ഇതൊന്നും ശരിയായ രീതിയിൽ ഇടതുമുന്നണിയിൽ അവതരിപ്പിക്കപ്പെട്ടില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പുനഃസംഘടന അനിവാര്യമാണെന്നും കാട്ടി നേതാക്കൾ ശരദ് യാദവിന് നേരത്തേ കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്നലെ നേതാക്കളെ യാദവ് ഡൽഹിക്ക് വിളിപ്പിച്ചത്. ശ്രേയാംസും മറ്റ് നേതാക്കളും വെവ്വേറെയാണ് ശരദ് യാദവിനെ കണ്ടത് എന്നതും ശ്രദ്ധേയമായി.