തിരുവനന്തപുരം: മുസ്ലിം സമുദായത്തിന് സ്കോളർഷിപ്പ് നൽകുന്നതിനായുള്ള പ്രത്യേക സ്കീം നിലനിറുത്തി മറ്റ് ന്യൂനപക്ഷങ്ങൾക്കായി സ്കീം ഉണ്ടാക്കണമെന്നാണ് യു.ഡി.എഫ് മുന്നോട്ടുവച്ച ഫോർമുലയെന്നും ഇത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും.
നിലവിലെ സ്‌കോളർഷിപ്പുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്ന സർക്കാർ തീരുമാനത്തിലൂടെ യു.ഡി.എഫ് മുന്നോട്ടുവച്ച ഫോർമുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.
നേരത്തെയുണ്ടായിരുന്ന സ്‌കോളർഷിപ്പുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്നാണ് സർക്കാരിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മുസ്ലിങ്ങൾക്കുള്ള പ്രത്യേക സ്കീം ഒഴിവാക്കിയിരിക്കുകയാണ്.
കോൺഗ്രസും ലീഗും തമ്മിൽ ഒരു ഭിന്നതയുമില്ല. കാസർകോട്ടും കോട്ടയത്തും വച്ച് മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഒരേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. വസ്തുത മനസ്സിലാക്കാതെ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്.