തിരുവനന്തപുരം: ഹൈക്കോടതിയുടെ നിശിത വിമർശനത്തെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ, മദ്യം വാങ്ങാൻ ഓൺലൈൻ പേയ്‌മെന്റ് സൗകര്യമേർപ്പെടുത്തിയെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർമാരെ നിയമിക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികളുടെ പരാതി. രണ്ടുവർഷം മുമ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് 38പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റ് തസ്തികകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയെ അവഗണിച്ചു. മാനേജർ തസ്തിക 22ൽ നിന്ന് 44ആയും യു.ഡി. ക്ലാർക്കിന്റേത് 278ൽ നിന്ന് 375ആയും എൽ.ഡി ക്ലാർക്കിന്റേത് 279ൽ നിന്ന് 375ആയും വർദ്ധിപ്പിച്ചിരുന്നു. കമ്പ്യൂട്ടർവത്കരണം നടപ്പാക്കുമ്പോൾ 200 കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തിക വർദ്ധിപ്പിക്കണമെന്നും നിലവിലെ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു പതിറ്റാണ്ട് മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നാലുപേരെക്കൂടി എടുത്തതിന് ശേഷം നിയമനം സ്തംഭിച്ചിരിക്കുകയാണ്.പല വെയർ ഹൗസുകളിലും നാലുപേരുടെ വരെ ഒഴിവുണ്ട്. ഈ ഒഴിവുകളൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല.
ഔട്ട്ലെറ്റുകളിലെയും വെയർഹൗസുകളിലെയും സാങ്കേതിക പരിജ്ഞാനമില്ലാത്ത മറ്റ് ജീവനക്കാരാണ് ഇപ്പോൾ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ജോലി ചെയ്യുന്നത്.
ബെവ്ക്കോ കൂടുതൽ
ഔട്ട്ലെറ്റുകൾ തുറന്നേക്കും
ബെവ്ക്കോയിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കണമെന്ന എക്സൈസ് കമ്മിഷണർ നൽകിയ ശുപാർശ സർക്കാരിൻെറ പരിഗണനയിലാണ്. മദ്യശാലകളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിൻെറ കാലത്ത് പൂട്ടിയ 78 ഔട്ട്ലെറ്റുകളും തുറക്കാനാണ് ശ്രമം. അതോടെ വരുമാനവും കൂട്ടാനാകുമെന്ന വിലയിരുത്തലാണുള്ളത്. ബെവ്ക്കോയുടെ 270 ഉം സപ്ളൈക്കോയുടെ 30 ഉം ഔട്ട്ലെറ്റുകളാണ് നിലവിലുള്ളത്.