നെടുമങ്ങാട്: നെൽപ്പാടങ്ങൾ തരിശായി കിടക്കുന്ന ഈ കാലത്ത് പാണയത്തുകാരുടെ സ്വന്തം 'നെല്ലമ്മയ്ക്ക്" ഒരാഗ്രഹമേ ഉള്ളൂ. 'വയൽ വിളക്ക് തെളിച്ച്' പുതുതലമുറയുമായി കൃഷി സന്ദേശം പങ്കുവയ്ക്കണം. നെല്ലിനെ അറിയുന്ന നെൽപ്പാടത്തെ അറിയുന്ന പാണയം സ്വദേശി പാറുകുട്ടി എന്ന ഈ കർഷകത്തൊഴിലാളിക്ക് നെല്ലമ്മ എന്ന ചെല്ലപ്പേര് സമ്മാനിച്ചത് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
നെൽപ്പാടം കണ്ടാണ് ജനിച്ചതും പാടത്തിൽ പണിയെടുത്താണ് ജീവിച്ചതും. പ്രായമേറെ ചെന്നിട്ടും ഞാറു നടീലും കൊയ്ത്തും മെതിയും മാത്രമാണ് ഇവരുടെ ഉള്ളിൽ. ചെല്ലഞ്ചിയിലെ നോക്കെത്താദൂരത്തെ പാടത്തെ ചേറിൽ ചവിട്ടി നടന്നതും കതിര് കൊയ്ത് കൂട്ടിയതുമെല്ലാം ഇന്നലത്തെപ്പോലെ തെളിയുന്നുണ്ട് മനസിൽ. നെല്ലിന് കൂലി പണമാകുന്നതിന് മുൻപേ മാറ് മറച്ചിരുന്ന തോർത്തിന്റെ കോന്തലയിൽ നെല്ല് കൂലി കളത്തിൽ നിന്ന് വാങ്ങി പോയത് ഓർത്തെടുക്കുമ്പോൾ പാറുവമ്മയുടെ മുഖത്ത് തികഞ്ഞ അഭിമാനം. പേരയം കരിഞ്ചമേക്കുംകര വീട്ടിൽ പാറുക്കുട്ടി അമ്മ 75 -ാം വയസിലും പാടത്തിറങ്ങും. മറ്റു കൃഷിപ്പണികൾക്കും പോകും.
തൊഴിലുറപ്പ് പണി ഉള്ളപ്പോൾ അങ്ങനെയും. നെല്ലിന്റെ ജന്മദിനത്തിൽ 'എല്ലാരും പാടത്തേക്ക്' എന്ന പേരിൽ കുട്ടികൾക്കായി കൃഷി വകുപ്പ് നടപ്പിലാക്കിയ ബോധവത്‌കരണ യജ്ഞത്തിൽ പ്രചാരണ ചുമതല ഈ കർഷകത്തൊഴിലാളിക്കായിരുന്നു. കൃഷി ഓഫീസർ എസ്. ജയകുമാറിനൊപ്പം നിരവധി വേദികളിൽ ആദരിക്കപ്പെട്ടു.
അഗ്രിഫ്രണ്ട്സ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ സംഘടിപ്പിച്ച ഏഴാമത് ബാല കൃഷിശാസ്ത്ര കോൺഗ്രസിൽ 'ഉരലും ഉലക്കയും മുറവും വട്ടിയും കലവുമൊക്കെ കൊണ്ടുവന്ന് കൺമുന്നിൽ നെല്ല് കുത്തി മുറത്തിൽ പാറ്റി നിമിഷങ്ങൾക്കുള്ളിൽ ശർക്കരയും തേങ്ങയും ചേർത്ത് പായസമാക്കി കാഴ്ചക്കാർക്ക് വിളമ്പി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.