വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ മൈലമൂട് കൊച്ചാന്നകല്ലുവിള ഭാഗത്ത് നടത്തിയ പരിശോധനയിൽ വിദേശമദ്യം ചില്ലറ വില്പന നടത്തിയയാളെ പിടികൂടി. കൊച്ചാന്നകല്ലുവിള വിജയ് വിലാസത്തിൽ വിജയനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് ലിറ്റർ മദ്യം, മദ്യവില്പന നടത്തി കിട്ടിയ പണം എന്നിവ കണ്ടെടുത്തു. ശനിയാഴ്ച ലോക്ക്ഡൗൺ കാരണം കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അമിതവില ഈടാക്കി പ്രതി മദ്യവില്പന നടത്തുകയായിരുന്നു. 370 രൂപ വിലയുള്ള മദ്യകുപ്പിക്ക് 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, ഷാജി,​ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അർജുൻ,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.