തിരുവനന്തപുരം: ജി.എസ്. ടി നഷ്ടപരിഹാരമായി കേന്ദ്രത്തിൽ നിന്ന് 4,122 കോടി ലഭിച്ചത് സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ആശ്വാസമാകും. 4522 കോടി രൂപയാണ് ജി.എസ് ടി കുടിശിക കിട്ടേണ്ടിയിരുന്നത്. ഓണത്തിന് മുമ്പ് ഒട്ടേറെ സാമ്പത്തിക ബാദ്ധ്യതകൾ നിറവേറ്രാൻ ഇത് സഹായിക്കും. കരാറുകാർക്കുള്ള കുടിശിക, സാമൂഹ്യക്ഷേമ പെൻഷൻ, കിറ്ര് വിതരണം, ശമ്പളം, പെൻഷൻ, ഫെസ്റ്രിവൽ അലവൻസ്, കൊവിഡ് ചെലവുകൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത ഉള്ളപ്പോഴാണ് ജി.എസ്.ടി വിഹിതം ലഭിക്കുന്നത്.
ശമ്പളത്തിനും പെൻഷനും മാത്രമായി 5500 കോടി രൂപയോളം വേണം. ഇതിന് പുറമെയാണ് മറ്റ് ചെലവുകൾ. കൊവിഡിൽ നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടി വന്ന തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക കുരുക്കിലാണ്. ഇവർക്ക് സഹായം നൽകാനും കോടികൾ വേണം. അതേസമയം ലോക്ക് ഡൗൺ സംസ്ഥാനത്തിന്റെ വരുമാനം കുറച്ചു. ജി.എസ്. ടി പിരിവും ലോട്ടറി, സ്റ്രാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ, ഖനന നികുതി എന്നിവയും കുത്തനെ ഇടിഞ്ഞു. ഏപ്രിൽ, മേയ് ,ജൂൺ മാസങ്ങളിലായി 21,000 കോടി രൂപയാണ് വരുമാനം പ്രതീക്ഷിച്ചതെങ്കിലും പകുതി പോലും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് കടമെടുപ്പ് തുടങ്ങിയത്. കേന്ദ്രത്തിൽ നിന്ന് ഈ വർഷം 36,000 കോടി രൂപയാണ് സാധാരണ വായ്പാ പരിധി. അഞ്ച് തവണയായി 9000 കോടി രൂപ കടമെടുത്തു കഴിഞ്ഞു. മേയ് 24നാണ് ആദ്യം 1500 കോടി കടമെടുത്തത്. ജൂൺ 29ന് അവസാനമായി 3000 കോടിയും കടമെടുത്തു. ജി.എസ്. ടി നഷ്ടപരിഹാരം കിട്ടിയതിനാൽ ജൂലായിൽ വീണ്ടും കടമെടുക്കേണ്ടി വരില്ലെന്നാണ് സൂചന. പശ്ചാത്തല മേഖലയിലും ആരോഗ്യ മേഖലയിലും കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പണം ചെലവഴിക്കണമെന്നാണ് നിർദ്ദേശമെങ്കിലും ഇത് കേരളത്തിന് തടസമാകില്ലെന്നാണ് അധികൃതർ പറയുന്നത്.