kovalam

കോവളം: നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ മാതൃക തയ്യാറാക്കി താരമായ നെയ്യാറ്റിൻകര ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പത്താം ക്ലാസുകാരൻ ആരോമൽ കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവരുന്നതോടെ നേവൽ ബേസിലേക്ക് പോകും. 200 മീറ്ററിലധികം നീളമുള്ള യുദ്ധക്കപ്പലുകളുടെ മാതൃക 5 മുതൽ 10 സെന്റി മീറ്റർ വരെ നീളത്തിൽ നിർമ്മിച്ചാണ് 15കാരനായ ആരോമൽ ശ്രദ്ധേയനായതും സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ.കെ. ചൗളയുടെ ക്ഷണം ലഭിച്ചതും. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർകോണം കൊല്ലംവിളാകം ശ്രീരാഗത്തിൽ വി.ബാബു- ബി.ശാലിനി ദമ്പതികളുടെ മകനാണ്. ആരോമലിന്റെ യുദ്ധക്കപ്പലുകളുടെ മാതൃക സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

കാർഡ്ബോർഡ്, വേസ്റ്റ് പേപ്പർ, കോപ്പർ കമ്പികൾ എന്നിവ കൊണ്ടാണ് കപ്പലുകളുടെ മാതൃകകൾ ഉണ്ടാക്കിയത്. ലോക്ക്‌ഡൗൺ കാലത്ത് മൊബൈലിൽ ഗൂഗിൾ സെർച്ച് ചെയ്യുന്നതിനിടെ ഐ.എൻ.എസ് വിക്രമാദിത്യയുടെ ഒരു ഫോട്ടോ കണ്ടു. അതിൽ താത്പര്യം തോന്നിയതോടെ അതിന്റെ മാതൃക ഉണ്ടാക്കാനുള്ള ശ്രമമായി. അതിൽ വിജയിച്ചു. പിന്നീട് അതൊരു ഹോബിയായി.

ക്ഷണം വന്ന വഴി

ഏതാനും മാസം മുമ്പ് പൂർവ സൈനിക സേവാ പരിഷത്ത് ഭാരവാഹി പ്രദീപ് കപ്പലുകളുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് ആരോമൽ ശ്രദ്ധേയനായത്. ചില യുദ്ധക്കപ്പലുകളുടെ ചരിത്രവും നിർമ്മാണ രീതിയും വീഡിയോയിലൂടെ വിവരിച്ചു. വീഡിയോ റിട്ട. നേവൽ ഓഫീസർമാരായ ദേവകുമാർ, വിജയൻ എന്നിവർ ഷെയർ ചെയ്തു. ഇന്ത്യൻ നേവിയുടെ ഫേസ്ബുക്ക് പേജിലും അതെത്തി. ഐ.എൻ.എസ് വിക്രാന്തിന്റെ ക്യാപ്ടൻ അഡ്മിറൽ കെ. മോഹനൻ ഇതുകണ്ട് ആരോമലിനെ വിളിച്ചു. ഐ.എൻ.എസ് വിക്രാന്തിന്റെ ഒരു മാതൃക ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

ആരോമലിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ.കെ. ചൗള യുദ്ധക്കപ്പലുകളുടെ മാതൃക കാണാൻ ആഗ്രഹം അറിയിച്ചു. ഏതാനും ആഴ്ചകൾക്കു മുമ്പ് തിരുവനന്തപുരത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ ചൗളയ്ക്കായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ അവ പ്രദർശിപ്പിച്ചു. ക്യാഷ്പ്രൈസും ശില്പവും സർട്ടിഫിക്കറ്റും നൽകി. തുടർന്ന് നേവിയുടെ കൊച്ചി ആസ്ഥാനത്ത് കപ്പലുകൾ കാണാൻ ആരോമലിനെയും മാതാപിതാക്കളെയും എ.കെ. ചൗള ക്ഷണിച്ചു. കുസാറ്റിൽ ചേർന്ന് നേവൽ ആർക്കിടെക്ചർ കോഴ്സ് പഠിക്കണമെന്ന ഉപദേശവും നൽകി. നേവൽ ആർക്കിടെക്ട് ആകാനാണ് ആരോമലിന്റെ ആഗ്രഹം.

കപ്പലുകളുടെ നിര

ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ്. വിക്രാന്ത്, ഐ.എൻ.എസ്. വിക്രാന്ത് (ആർ-11), ഐ.എൻ.എസ്. അരിഹന്ത്‌, ഐ.എൻ.എസ്. അരീഘട്ട്, ഐ.എൻ.എസ്. ചക്ര ,ഐ.എൻ.എസ്. കുർസുര, ഐ.എൻ.എസ്. വിശാൽ (ഇന്ത്യൻ നേവിക്കായി ഡിസൈനിംഗ് സ്റ്റേജിലുള്ള തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി ) എന്നിവ അടക്കം 22 കപ്പലുകളുടെ മാതൃകയാണ് ആരോമൽ കരവിരുതിലൂടെ വിസ്മയമാക്കിയത്.