kovalam

കോവളം:ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോകളിലൊന്നായ വിഴിഞ്ഞത്ത് അത്യാധുനിക ഓഫീസ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.ജീർണിച്ച് അപകടാവസ്ഥയിലായ ഡിപ്പോയിലെ പ്രധാന കെട്ടിടം പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് കോവളം എം.എൽ.എ എം. വിൻസെന്റ് കഴിഞ്ഞയാഴ്ച മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.തുടർന്ന് ഇന്നലെ വിഴിഞ്ഞം ഡിപ്പോ സന്ദർശിച്ച മന്ത്രി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമായിരുന്ന വിഴിഞ്ഞംപൂന്തുറ റൂട്ടിലെ സർവീസ് നാളെ മുതലും പൊഴിയൂർ പെരുമാതുറ സർവീസ് 26 മുതലും പുനരാരംഭിക്കാനും തീരുമാനമായി.കെ.എസ്.ആർ.ടി.സി ഫിഷറീസ് വകുപ്പുമായി ചേർന്ന് മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി നടപ്പിലാക്കുന്ന 'സമുദ്ര' എന്ന പദ്ധതി വിഴിഞ്ഞത്ത് നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എം. വിൻസെന്റ് എം.എൽ.എ,ജില്ലാ പഞ്ചായത്തംഗം സി.കെ. വത്സലകുമാർ,നഗരസഭ കൗൺസിലർ പനിയടിമ, കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ചന്ദ്രബാബു,സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ,സോണൽ ടി.എഫ്. ജേക്കബ് സാം ലോപ്പസ്, വിഴിഞ്ഞം എ.ടി.ഒ ബി. അനിൽകുമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 caption ഗതാഗത വകുപ്പ്‌ മന്ത്രി ആന്റണി രാജു, എം. വിൻസെന്റ് എം.എൽ.എയ്ക്കൊപ്പം വിഴിഞ്ഞം ഡിപ്പോയിൽ സന്ദർശനം നടത്തുന്നു