വിതുര: വിതുര ജനമൈത്രി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ‌് ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റകളുടെയും പരിശ്രമത്തിൽ പഞ്ചായത്തിലെ മണലി വാർഡിലെ കൊങ്ങമരുതുംമൂട്ടിൽ പുതിയ കുട്ടിപ്പള്ളിക്കൂടം തയ്യാറായി. ഈറ്റയിലയും, കാട്ടുകമ്പുകളും ഉപയോഗിച്ചു തയ്യാറാക്കിയ കെട്ടിടത്തിലാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊലീസുകാർക്കും സ്റ്റുഡന്റ് പൊലീസുകാർക്കുമൊപ്പം വിവിധ സന്നദ്ധ പ്രവർത്തകരും രക്ഷിതാക്കളും വിതുര സ്‌കൂൾ പി.ടി.എയും കൂടി ചേർന്നാണ് തയ്യാറാക്കിയത്. കഴിഞ്ഞ കൊവിഡ് കാലത്ത് ഇന്റർനെറ്റ് കവറേജിന്റെ അപര്യാപ്തത മൂലം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം തടസ്സപ്പെട്ടതിനാൽ പേപ്പാറ വാർഡിലെ കല്ലുപാറ ആദിവാസി ഊരിൽ ആദ്യമായി ഒരു പഠന മുറി സജ്ജമാക്കിയിരുന്നു. വിതുര സി.ഐ എസ്. ശ്രീജിത്തും, എസ്.ഐ വി.എസ്. സുധീഷും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ. അൻവറും ഇവിടെ ക്ലാസ് എടുക്കാൻ എത്തുമായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറും പള്ളിക്കൂടം നിർമ്മിക്കാൻ വേണ്ട പിന്തുണയും നൽകി. തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി എസ്. ബിജുമോൻ ഓൺലൈനായി പഠന മുറിയുടെ ഉദ്ഘാടനം നിർവഹിച്ചു. എക്‌സൈസ് വിജിലൻസ് എസ്.പി യും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസറുമായ മുഹമ്മദ് ഷാഫി ആദ്യ ക്ലാസ് എടുത്തു. വിതുര ഗ്രാമ പഞ്ചായതു പ്രസിഡന്റ് അഡ്വ. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്,വിതുര സബ് ഇൻസ്‌പെക്ടർ എസ്.എൽ. സുധീഷ് ,പി.ടി.എ പ്രസിഡന്റ് എ. സുരേന്ദ്രൻ, എസ്.എം.സി. ചെയർമാൻ കെ. വിനീഷ്കുമാർ, കല്ലാർ സെഷൻ ഫോറസ്റ്റർ ഷാജഹാൻ, ,കല്ലാർ വാർഡ് മെമ്പർ സുനിത, എസ്.പി.സി യുടെ ജില്ലാ അസി.നോഡൽ ഓഫീസർ അനിൽകുമാർ , എസ്.പി.സി ഓഫീസർമാരായ വി.വി. വിനോദ്, അൻവർ, ഷീജ വി.എസ്, ശ്രീമതി. സൈനി കുമാരി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പടം വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊങ്ങമരുതുംമൂട്ടിൽ നിർമ്മിച്ച കാട്ടിലെ പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി ഇ.എസ്.ബിജുമാൻ നിർവഹിക്കുന്നു. വിതുര സി.ഐ.എസ്.ശ്രീജിത്ത്,എസ്.ഐ എസ്.എൽ.സുധീഷ്,പഞ്ചായത്ത്പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ്പ്രസിഡന്റ് മഞ്ജുഷാആനന്ദ്,വി.വി.വിനോദ്,അൻവർ എന്നിവർ സമീപം |