പാലോട് : നന്ദിയോട് പഞ്ചായത്തിലെ പുലിയൂർ, ഓട്ടുപാലം, പയറ്റടി, പാറമുകൾ ഭാഗങ്ങളിൽ കഞ്ചാവ്,​ വ്യാജമദ്യലോബി കൈയടക്കിയതായി പരാതി. പച്ച ക്ഷേത്രത്തിൽ നിന്നും ഓട്ടുപാലം, അനന്തപുരി ഫാം, കാലൻകാവ്, പയറ്റടി ബലിക്കടവിൽ നിന്നും ഇലങ്കം, കല്ലണഭാഗം തുടങ്ങിയ ഒഴിഞ്ഞ റോഡികളിലാണ് ഇത്തരക്കാർ തമ്പടിക്കുന്നത്. കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന സംഘങ്ങൾ ഈ പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന നടത്തുന്നു. കഴിഞ്ഞ ദിവസം ഇവിടെ കൂട്ട അടി നടന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സംഘം കടന്നുകളഞ്ഞു. ക്ഷേത്രം മുതൽ ഓട്ടുപാലം വരെയുള്ള ഭാഗത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും ഇത്തരക്കാർക്ക് സൗകര്യമാണ്. നിരവധി തവണ എക്സൈസിൽ പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയാണ് ഉണ്ടായത്. അടിയന്തരമായി പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.