1

തിരുവനന്തപുരം: സാക്ഷരതാ മിഷൻ ആസ്ഥാന മന്ദിരം നിർമിച്ചത് 43 സെന്റ് സർക്കാർ സ്ഥലം കൈയേറിയെന്ന് തിരുവനന്തപുരം നഗരസഭയുടെ കണ്ടെത്തൽ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം കൈയേറിയാണ് പേട്ടയിൽ ആസ്ഥാന മന്ദിരം നിർമിച്ചതെന്നാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് പേട്ടയിലുള്ള ഒരു ഏക്കർ 40 സെന്റ് സ്ഥലത്തിൽ 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. എന്നാൽ 16ന് പകരം 43 സെന്റ് ഭൂമി കൈയേറി കെട്ടിടം നിർമിച്ചെന്നാണ് നഗരസഭ കണ്ടെത്തിയത്. കെട്ടിട നിർമാണത്തിന്റെ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരതാമിഷൻ നടത്തിയത്. 7000 ചതുരശ്ര അടി കെട്ടിടത്തിനാണ് സർക്കാരിൽ നിന്നുള്ള അനുമതിയെങ്കിലും ഇത് ലംഘിച്ച് 13654 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് നില കെട്ടിടമാണ് സാക്ഷരതാമിഷൻ പണികഴിപ്പിച്ചത്.

നഗരസഭയുടെ അനുമതി വാങ്ങാതെയാണ് 2018 മേയിൽ കെട്ടിട നിർമാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയിൽ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമല്ലാത്തതിനാൽ അനുമതി നിരസിച്ചു. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായ ശേഷം 2019 മാർച്ച്‌ 30നാണ് വീണ്ടും അനുമതിക്കായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചത്.

സർക്കാരിന്റെ സ്ഥലത്ത് കൈയേറ്റം നടത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനാൽ അനുമതി നിഷേധിച്ചുള്ളവിവരം നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗം 2019 ജൂലായ് 26ന് സാക്ഷരതാ മിഷൻ ഡയറക്ടറെ അറിയിച്ചു. സാക്ഷരതാ മിഷൻ വീണ്ടും കത്ത് നൽകിയെങ്കിലും 2020 ജൂൺ എട്ടിനും അനുമതി നിഷേധിച്ചുള്ള മറുപടിയാണ് നഗരസഭ നൽകിയത്. ക്രമക്കേടിന്റെ തുടർ നടപടികളെപ്പറ്റി നഗരസഭ ഉദ്യോഗസ്ഥർ സാക്ഷരതാ മിഷന് വീണ്ടും നോട്ടീസ് നൽകിയേക്കും. 2019 ഒക്ടോബറിലാണ് കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. 4.87 കോടി ചെലവിലുള്ള കെട്ടിടം ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പണിതത്.

സ്ഥലത്തിന്റെ കൈവശാവകാശം ഇനിയും സാക്ഷരതാ മിഷന് ലഭിച്ചിട്ടില്ല. സ്ഥലം ഇപ്പോഴും പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ്. ഇവിടെയുള്ള 30 ജീവനക്കാരിൽ നാലുപേർ ഡെപ്യൂട്ടേഷനിലും 25 പേർ കരാർ അടിസ്ഥാനത്തിലും ഒരാൾ ദിവസ വേതനത്തിലുമാണ് ജോലി ചെയ്യുന്നത്.