തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് 22ന് ശേഷം മഴയുടെ അളവ് കൂടാൻ സാദ്ധ്യത. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിക്കില്ലെന്നും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ദുർബ്ബലമായി സംസ്ഥാനത്ത് മഴ കുറയുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ നീളുന്ന ന്യൂനമർദ പാത്തിയുടെയും കർണാടകയോട് ചേർന്നുള്ള അന്തരീക്ഷച്ചുഴിയുടെയും പ്രഭാവത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും. വടക്കാണ് കൂടുതൽ മഴ ലഭിക്കുന്നത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കു സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ഇന്നലെ വരെ 28 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.