കടയ്ക്കാവൂർ: പരസഹായമില്ലാതെ വാർദ്ധക്യത്തിൽ ഒറ്റയ്ക്ക് കഴിഞ്ഞ വൃദ്ധന് തുണയായി ജനമൈത്രി പൊലീസ്. അഞ്ചുതെങ്ങ് പ്ലാവഴികം കാക്കക്കുഴി സ്വദേശി സദാശിവനാണ് ( 62 ) തുണയായി അഞ്ചുതെങ്ങ് ജനമൈത്രി പൊലീസ് എത്തിയത്.

സദാശിവന്റെ ഭാര്യ കുറച്ച് കാലം മുൻപ് മരിച്ചു. അഞ്ച് ആൺമക്കളാണ് ഉള്ളത്. അഞ്ചു പേരും വിവിധ ദേശങ്ങളിലായാണ് താമസം. ഇവർക്കാർക്കും സ്വന്തമായി വീടില്ല. കൂലിവേലക്കാരനായ ഒരു മകനാണ് ഉച്ചയ്ക്കുള്ള ഭക്ഷണമെത്തിച്ചിരുന്നത്. അടുത്തിടെ ഇതും നിലച്ചു. തുടർന്ന് സദാശിവൻ സഹോദരിയുടെ വീടിന്റെ തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്. സഹോദരി മറ്റേതോ ബന്ധു വീട്ടിലാണ് താമസം. തികച്ചും അവശനിലയിലായ സദാശിവന് ജീവിതം ദുഃസഹമായതിനെ തുടർന്ന് അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനമൈത്രി പൊലീസിന്റെ ചുമതലയുള്ള എസ്.ഐ സുനിലിനെ വിവരമറിയിച്ചു. തുടർന്ന് അഞ്ചുതെങ്ങ് പൊലിസീന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിദ്ധ്യത്തിൽ സദാശിവനെ വർക്കല വാൽസല്യം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.