1

പൂവാർ: ചപ്പാത്ത് ശാന്തിഗ്രാം ഗോശാലയിലെ ഗായത്രി എന്ന് പേരുള്ള വെച്ചൂർ പശു (15) ചത്തു. മൂന്ന് മാസത്തോളമായി കിടപ്പിലായിരുന്ന ഗായത്രി ഇന്നലെ രാവിലെയാണ് ചത്തത്. കോട്ടയം വാഗമൺ ആശാസദനത്തിൽ അജിത്ത് മുരിക്കൻ, ഡോ. മേഴ്സി മുരിക്കൻ എന്നിവരാണ് 2009ൽ മൂന്ന് വയസുള്ളപ്പോൾ ഗായത്രിയെ സംഭാവനയായി നൽകിയത്.

ശാന്തിഗ്രാം ഗോശാലയിലെ ആദ്യ വെച്ചൂർ പശുവായിരുന്നു അത്. 2010 നവംബറിലായിരുന്നു ആദ്യ പ്രസവം. അമ്മപ്പശുവിന്റെയും കുട്ടിയുടെയും ചിത്രങ്ങൾ അന്ന് വാർത്തയായിരുന്നു. 2012 ഏപ്രിലിൽ ജന്മം നൽകിയ വൈഷ്ണവി എന്ന രണ്ടാമത്തെ കുട്ടി പാലായിലെ സന്ധ്യ ഡെവലപ്പ്മെന്റ് സൊസൈറ്റിയിലാണ്. 2014 മാർച്ചിൽ രാമൻ എന്ന മൂന്നാമന് ജന്മം നൽകി. രാമൻ കാസർകോട് കപില ഗോശാലയിലും 2017ഏപ്രിലിൽ ജന്മം നൽകിയ നാലാമൻ കേശവൻ അരുവിപ്പുറം ക്ഷേത്രം വക ഗോശാലയിലുമുണ്ട്

ഗായത്രിയെ ചികിത്സിച്ച കോട്ടുകാൽ ഗവ. മൃഗാശുപത്രിയിലെ ഡോ.എ.വി. അനിൽകുമാറിനും സഹപ്രവർത്തകർക്കും ഗോശാലാ പ്രവർത്തകർക്കും ശാന്തിഗ്രാം നന്ദി രേഖപ്പെടുത്തി. ഗായത്രിയെ ഇന്നലെ ഉച്ചയ്ക്ക് 12ന് സംസ്‌കരിച്ചു.