അർജുൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചു
സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വൈകും. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിംഗ് പുനഃരാരംഭിക്കുകയുള്ളൂ. സിനിമാ ചിത്രീകരണത്തിന് മാർഗ രേഖ നിശ്ചയിക്കാൻസിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.
ഇന്നലെ പീരുമേട്ടിൽ ആരംഭിച്ച കണ്ണൻ താമരക്കുളത്തിന്റെ വിരുന്ന് എന്ന സിനിമയുടെ ചിത്രീകരണം നിറുത്തിവയ്ക്കാനും സംഘടനകൾ നിർദേശിച്ചു. തുടർന്ന് ഉച്ചയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ നായകനാകുന്ന വിരുന്നിൽ നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, ആശാ ശരത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, സുധീർ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഗിരീഷ് നെയ്യാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വിരുന്നിന്റെ രചന നിർവഹിക്കുന്നത് ദിനേശ് പള്ളത്താണ്.
രവിചന്ദ്രനാണ് വിരുന്നിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ് ഗ്രേസ്, എഡിറ്റർ: വി.ടി. ശ്രീജിത്ത്, കലാസംവിധാനം: സഹസ് ബാല, മേയ്ക്കപ്പ്: പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഭിലാഷ് അർജുനൻ. മരട് 357, ഉടുമ്പ് എന്നീ രണ്ട് ചിത്രങ്ങൾ കണ്ണന്റേതായി റിലീസ് കാത്തിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ഉടുമ്പിന്റെ ഹിന്ദി റീമേക്ക് റൈറ്റ് വിറ്റുപോയിരുന്നു.
ആദ്യ ഡോസ് കോവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂവെന്നും ഒരു കാരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. അതേസമയം, പൃഥ്വിരാജ്മോഹൻലാൽ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിലേക്കു മാറ്റമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് അറിയിച്ചു.
മുൻ നിശ്ചയപ്രകാരം തെലങ്കാനയിൽത്തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കും. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ട്വൽത് മാന്റെ ചിത്രീകരണം നേരത്തെ നിശ്ചയിച്ചതുപോലെ ഇടുക്കിയിൽ നടക്കുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.
സൂപ്പർ താരങ്ങളുടേതുൾപ്പെടെ മുപ്പതിലേറെ സിനിമകളുടെ ചിത്രീകരണമാണ് കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിറുത്തിവച്ചത്.
തമിഴ്നാട്ടിലും തിയേറ്ററുകൾ തുറക്കുന്നു
കേരളത്തിൽ സിനിമാ ചിത്രീകരണം പുനരാരംഭിക്കുന്നതിലോ പൂട്ടിക്കിടക്കുന്ന തിയേറ്ററുകൾ വീണ്ടും തുറക്കുന്ന കാര്യത്തിലോ തീരുമാനമാകാതെ സിനിമാ മേഖല പ്രതിസന്ധിയിൽപ്പെട്ടഴലുമ്പോൾ അയൽ സംസ്ഥാനങ്ങളായ തെലങ്കാനയും തമിഴ്നാടും കർണാടകയും സിനിമാ മേഖലയോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഇൗ സംസ്ഥാനങ്ങളിലൊക്കെ സിനിമാ ഷൂട്ടിംഗുകൾ പുനഃരാരംഭിച്ചുകഴിഞ്ഞു.
തെലുങ്കാനയിൽ തിയേറ്ററുകളും തുറന്നു പ്രവർത്തിച്ചുതുടങ്ങി. കർണാടകയിൽ ഇന്ന് മുതൽ 50 ശതമാനം പ്രേക്ഷകരെ അനുവദിച്ചുകൊണ്ട് തിയേറ്ററുകൾ തുറക്കും. തമിഴ്നാട്ടിൽ ആഗസ്റ്റ് ആദ്യവാരം തിയേറ്ററുകൾ തുറക്കുമെന്നാണ് സൂചന.