തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കുന്നതിനും മറ്റും കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ നഗരത്തിൽ തിരക്ക് കൂടുമെന്നതിനാൽ രോഗവ്യാപനസാദ്ധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
എല്ലാവ്യാപാരസ്ഥാപനങ്ങളിലും സ്ഥലപരിമിതിക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് നിൽക്കാൻ കഴിയുന്ന തരത്തിലെ ആൾക്കാരെ പ്രവേശിപ്പിക്കാവു. ഇക്കാര്യം കർശനമാക്കുന്നതിന് സ്ഥാപന ഉടമ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണം. കടയിൽ എത്തുന്നവർക്ക് സാനിറ്റൈസിംഗ് സംവിധാനം ഏർപ്പെടുത്തണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലടക്കം ബില്ലിംഗ്, കാഷ് കൗണ്ടറുകളിൽ തിരക്കുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ കൗണ്ടറുകൾ സജ്ജീകരിക്കണം. ഒരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിട്ടുള്ള ടീം പരിശോധിക്കണം. ഒരു വീട്ടിൽ നിന്ന് ഒന്നോ രണ്ടോ പേർ മാത്രമെ സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാവൂ. മാസ്കും ധരിച്ചും അകലം പാലിച്ചും സാധനങ്ങൾ വാങ്ങണം. ഈ ദിവസങ്ങളിൽ നഗരത്തിൽ കർശനമായ വാഹന പരിശോധന നടത്തും. ഓരോരുത്തരുടെയും പെരുന്നാളാഘോഷം കുടുംബാംഗളോടൊപ്പം മാത്രമായി പരിമിതപ്പെടുത്തണം. പള്ളികളിലും ആരാധാനാകേന്ദ്രങ്ങളിലും അനുവദനീയമായ എണ്ണം ആൾക്കാർ മാത്രമേ പ്രാർത്ഥനാച്ചടങ്ങുകളിൽ പങ്കെടുക്കാവൂവെന്നും കമ്മിഷണർ അറിയിച്ചു.