തിരുവനന്തപുരം: പഴയവാഹനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തി. 50 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കാണ് വിന്റേജ് രജിസ്‌ട്രേഷൻ അനുവദിക്കുക. ഇരുചക്ര, നാലുചക്രവാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ലഭിക്കും. ഘടനാപരമായ മാറ്റങ്ങൾ വരുത്താത്ത വാഹനങ്ങൾക്ക് മാത്രമാകും രജിസ്‌ട്രേഷൻ. 20,000 രൂപയാണ് രജിസ്ടേഷൻ ഫീസ്. പത്തുവർഷമാണ് കാലാവധി. അപേക്ഷയ്ക്കൊപ്പം പഴയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും നൽകണം.ഇതിന് ശേഷം രജിസ്‌ട്രേഷൻ പുതുക്കുന്നതിന് 5000 രൂപ നൽകണം. സംസ്ഥാനത്തെ വാഹനങ്ങൾ വി.എ.കെ.എൽ എന്ന ശ്രേണിയിലാകും തുടങ്ങുക. ഇതിലെ വി.എ വിന്റേജിനെയും കെ.എൽ സംസ്ഥാനത്തെയും സൂചിപ്പിക്കുന്നു. ഇത്തരം വാഹനങ്ങൾ പ്രദർശനത്തിനും റാലിക്കും മാത്രമേ ഉപയോഗിക്കാവൂ. കഴിഞ്ഞവർഷം വിന്റേജ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. വിന്റേജ് രജിസ്ട്രേഷൻ നമ്പരിനൊപ്പം പഴയ രജിസ്ട്രേഷൻ നമ്പരും വാഹനത്തിൽ പ്രദർശിപ്പിക്കണം. പുതിയ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഇത്തരം വാഹനങ്ങൾക്ക് ബാധകമല്ല. ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും വിന്റേജ് രജിസ്ട്രേഷൻ ലഭിക്കും. ഇതിനായി വില്പന രസീതും രേഖകളും ഹാജരാക്കണം. ഉടമസ്ഥാവകാശ കൈമാറ്റവും അനുവദിക്കും.