കാഞ്ഞങ്ങാട്: ട്രോളിംഗ് നിരോധനം തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. പുറംകടലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബോട്ടുകൾക്ക് ഇന്ധന വില വർദ്ധനവ് കീറാമുട്ടിയായിരിക്കുകയാണ്. ചെറിയ ബോട്ടുകൾക്ക് ഒരു ദിവസം കടലിൽ പോയി മീൻ പിടിക്കുന്നതിന് ഒരു ലക്ഷവും ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് 5 ദിവസത്തിന് നാല് മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ഇന്ധന ചിലവ് വരുന്നതെന്നാണ് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇതിനിടയിൽ ബോട്ടുകൾ വാങ്ങാൻ എടുത്ത ബാങ്ക് ലോൺ തിരിച്ചടവും.
മത്സ്യബന്ധന സംസ്‌ക്കരണ കയറ്റുമതി വ്യവസായത്തിൽ 2 ലക്ഷം മത്സ്യതൊഴിലാളികളും 8 ലക്ഷം അനുബന്ധ തൊഴിലാളികളുമാണ് ഉപജീവനം നടത്തുന്നത്. കടലിൽ നിന്ന് ആകെ പിടിക്കുന്ന മീനുകളുടെ എഴുപത് ശതമാനവും കരക്ക് എത്തിക്കുന്നത് ഈ വിഭാഗമാണ്. കൂടാതെ കയറ്റുമതിക്ക് ആവശ്യമായ 65 ശതമാനം മീനും കൊണ്ടു വരുന്നതും ഇവർ തന്നെയാണ്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ 20 ശതമാനം നൽകുന്നത് കേരളമാണ്. മഹാമാരി പിടികൂടിയ വേളയിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നാണ് ഭക്ഷ്യ മേഖല. എന്നാൽ നിരോധന കാലത്തും കേരളത്തിന് വേണ്ട ചെമ്മീനുകളായ കരിക്കാടി, നാരൻ, പൂവാലൻ മീനുകളായ കണവ, കൂന്തൽ, ചാള, അയല തുടങ്ങിയ മീനുകളെയും ചൈനയുടെ വിദേശ കപ്പൽ എത്തി തൂത്തുവാരി കൊണ്ടു പോകുന്നതിനാൽ നാട്ടിലുള്ളവർക്ക് മീൻ കിട്ടാത്ത അവസ്ഥയാണ്.
ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം അധികാരികൾ നിറുത്തലാക്കിയതും വിനയായി. 1988ൽ തുടങ്ങിയ ട്രോളിംഗ് നിരോധനം എല്ലാ വർഷവും മൺസൂൺ കാലത്താണ്. എന്നാൽ 60 ദിവസം പ്രജനനം ഉണ്ടായിട്ടും കടലിൽ മീൻ ഇല്ലാത്ത സ്ഥിതിയാണ്. ഈ നിരോധനം ഒക്ടോബർ, നവംബർ മാസങ്ങളിലേക്ക് നീട്ടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.