കുറ്റ്യാടി: ഡങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ വ്യാപകമാകുമ്പോൾ പ്രതിരോധത്തിന്ന് പാഷൻ ഫ്രൂട്ട് പറ്റുമെന്ന വിശ്വാസത്തിലാണ് ജനം. ഇതോടെ പലവീടുകളിലും പാഷൻ ഫ്രൂട്ട് കൃഷി വ്യാപിക്കുകയാണ്. രക്തത്തിലെ കൗണ്ട് കൂടാൻ ഉത്തമമാണെന്ന വിശ്വാസത്തിൽ പച്ചക്കായയ്ക്ക് പോലും ആവശ്യക്കാരേറെയാണ്. മുൻപൊക്കെ ആർക്കും ആവശ്യമില്ലാതിരുന്ന പാഷൻ ഫ്രൂട്ടിന്ന് ഇപ്പോൾ കിലോയ്ക്ക് 100 രൂപ വരെയാണ് വില.
പ്ലാവിലും മാവിലും പടർന്ന് പന്തലിക്കുന്ന ഈ വള്ളി ചെടി ഇപ്പോൾ വീട്ടുമുറ്റങ്ങളിൽ പന്തൽ വളർത്തുകയാണ് പലരും. വീട്ടുമുറ്റത്ത് നല്ല കുളിർമ്മ ലഭിക്കുന്നതും ഇതിന് പ്രേരിപ്പിക്കുന്നു. മഞ്ഞയും ചുവപ്പും നീലയും നിറം കലർന്ന കായകൾ ഇപ്പോൾ പല ഗ്രാമീണ വീടുകളിലും കാണാം. പാഷൻ ഫ്രൂട്ട് തൈകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് തൈകൾ പരിപാലിക്കുന്ന വട്ടോളി പാടശേഖര സമിതി അംഗം എലിയാറ ആനന്ദൻ പറഞ്ഞു.