bavani

തലശ്ശേരി: ടോക്യോ ഒളിമ്പിക്സിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അഭിമാന നിമിഷങ്ങൾക്ക് കണ്ണും കാതുംകൂർപ്പിക്കുകയാണ് തലശേരിയുടെ കായിക പരിശീലന കേന്ദ്രം. സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) തലശ്ശേരി കേന്ദ്രത്തിൽ ഫെൻസിംഗിൽ പയറ്റിതെളിഞ്ഞ താരം എ. ഭവാനി ദേവിയുടെ വിജയപ്രതീക്ഷയിലാണ് പ്രതീക്ഷ. ഫെൻസിംഗിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഭവാനി ദേവി.
ഫെൻസിംഗിൽ സാബർ വിഭാഗത്തിൽ ഒളിംപിക്സിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭവാനി ദേവി തലശ്ശേരി സായി സെന്ററിന്റെ തിളക്കമാർന്ന സംഭാവനയാണ്. ഒരു ഇന്ത്യൻ ഫെൻസിംഗ് താരം ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ഇത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ചെന്നൈ വാഷർ മെൻ പേട്ട് ടി.എച്ച്. റോഡിലെ സി. ആനന്ദ സുന്ദരരാമന്റെയും രമണിയുടെയും മകളായ ഭവാനി ദേവി 2008 മുതൽ 11 വർഷമായി തലശ്ശേരി സായ് സെന്ററിലാണ്. കോച്ച് സാഗർ എസ്. ലാഗുവിന് കീഴിലാണ് വാൾ വീശി ഫെൻസിംഗിൽ ലോകത്തിന്റെ നെറുകെയിലെത്തി നിൽക്കുന്നത്. വിവിധ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഭവാനി കാഴ്ചവെച്ചിരുന്നത്. ഓരോ മത്സരങ്ങളിലും കാഴ്ചവെച്ച മികവാർന്ന പ്രകടനത്തിലൂടെയാണ് ഭവാനിക്ക് ഒളിംപിക്സിലേക്ക് വഴി തെളിഞ്ഞതെന്ന് കോച്ച് സാഗർ എസ്. ലാഗു പറഞ്ഞു.
കോമൺവെൽത്ത് ഫെൻസിംഗിൽ സ്വർണവും ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥയാണ് ഭവാനിയിപ്പോൾ. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും ബ്രണ്ണൻ കോളേജിലുമായിരുന്നു പഠനം പൂർത്തിയാക്കിയത്. 2019 വരെ ഇവിടെ തുടർന്നു. ഏതാനും വർഷമായി ഇറ്റലി, ഹംഗറി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിദഗ്ദ്ധ പരിശീലനത്തിലാണ്. തലശ്ശേരി സായ് കേന്ദ്രത്തിൽ നിന്ന് ഒളിംപിക്സിൽ പങ്കെടുക്കുന്ന രണ്ടാമത്തെ താരമാണ് ഭവാനി. ലണ്ടൻ ഒളിംപിക്സിൽ ട്രിപ്പിൾ ജംപിൽ പങ്കെടുത്ത മയൂഖ ജോണിയാണ് സായിയിൽ നിന്നുള്ള ആദ്യ ഒളിംപ്യൻ. കോച്ച് ജോസ് മാത്യുവിന് കീഴിലാണ് മയൂഖ പരിശീലിച്ചത്. ഫെൻസിംഗിന് സൗകര്യപ്രദമായ ഇൻഡോർ സ്റ്റേഡിയം പോലുമില്ലാത്ത തലശ്ശേരി കേന്ദ്രത്തിൽ പരിശീലിച്ചാണ് ഭവാനി ഫെൻസിംഗിൽ നേട്ടങ്ങൾ കൊയ്തതെന്നതും വിസ്മരിക്കാനാവില്ല. മയൂഖയ്ക്ക് പിറകെ ഭവാനിയും ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ആഹ്ലാദകരമാണെന്ന് സായ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് ടി.സി. മനോജ് പറഞ്ഞു. ടോക്യോ ഒളിംപിക്സിനായി ഫോട്ടോവിന് പോസ് ചെയ്യാൻ തലശ്ശേരി സബ്ബ് കലക്ടർ അനുകുമാരി പറഞ്ഞു. സായ് സെന്ററിൽ പരിശീലനം നേടുന്ന മറ്റ് കൂട്ടികളും ആഹ്ലാദത്തിലാണ്.