bus-marinja-nilayil

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 6 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

എതിർദിശയിൽ നിന്ന് ലോറിയെ മറികടന്ന് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലതു വശത്തേക്ക് തിരിക്കുമ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിന് വേഗം കുറവായതിനാൽ വൻ അപകടം ഉണ്ടായില്ല. യാത്രക്കാരനായ കായംകുളം സ്വദേശി രാംദാസ് (57), ബൈക്ക് യാത്രികനായ ഉളിയനാട് കരംകോട് പൊയ്കയിൽ വീട്ടിൽ വിനീത് (25) എന്നിവരെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ രജീഷ്, കണ്ടക്ടർ ജിത്തു എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇരുവരും വിഴിഞ്ഞം സ്വദേശികളാണ്.

ബസിൽ 13 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ നിസാര പരിക്കുകളോടെ അടുത്ത വാഹനത്തിൽ യാത്ര തുടർന്നു. സംഭവം നടന്നയുടൻ കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കഴിഞ്ഞ നാല് മാസത്തിനിടയിൽ 12 വാഹനങ്ങളാണ് ഇതേസ്ഥലത്ത് മറിഞ്ഞ് അപകടങ്ങളുണ്ടായത്. അതിൽ 6 എണ്ണം കെ.എസ്.ആർ.ടി.സി ബസുകളാണ്. കുത്തിറക്കവും ഒരു വശത്തേക്കുള്ള ചരിവും അപകടകാരണമായി ചൂണ്ടിക്കാട്ടുമ്പോഴും പരിഹരിക്കാൻ നടപടികൾ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.

ക്യാപ്ഷൻ: നാവായിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ