arrestilaya-prethikal

കല്ലമ്പലം: മാരകായുധങ്ങളുമായി വീട്ടിൽക്കയറി ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കുടവൂർ സീമന്തപുരം കൃഷ്ണാലയത്തിൽ ബിൻസ് (28), സഹോദരൻ ഷിൻസ്‌ (26), വെള്ളല്ലൂർ സീമന്തപുരം തെക്കേതിൽ വീട്ടിൽ ശബരീനാഥ് (26) എന്നിവരാണ് പിടിയിലായത്.

ജൂൺ 17നാണ് കേസിനാസ്പദമായ സംഭവം. മദ്യപാനികളും സ്ഥലത്തെ സ്ഥിരം പ്രശ്‌നക്കാരുമായ പ്രതികൾ ചാരായം വാറ്റിയ വിവരം എക്സൈസിന് കൈമാറിയെന്ന വിരോധത്തിൽ സീമന്തപുരം സ്വദേശിയായ സ്ത്രീയെയും ഭർത്താവിനെയും മർദ്ദിക്കുകയായിരുന്നു. ഒരുമാസത്തോളം ഒളിവിൽക്കഴിഞ്ഞിരുന്ന ഇവർ ഇതിനിടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും നൽകി. കോടതി ജാമ്യം പരിഗണിക്കാനിരിക്കെയാണ് വ്യാജപേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്തത്.

പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പല കേസുകളിലും ഒളിവിൽപ്പോയ ശേഷം കോടതി മുഖേന ജാമ്യമെടുക്കുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാനുപയോഗിച്ച ബൈക്കുകളും മാരകായുധങ്ങളും പൊലീസ് കണ്ടെത്തി. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ബിനു, ശ്രീരാജ്, അജീസ്, അനീഷ്‌, ജയഭദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.