കല്ലമ്പലം: ഓൺലൈനിൽ കണ്ട ജോലിയൊഴിവ് പരസ്യത്തിൽ വിളിച്ച കല്ലമ്പലം സ്വദേശികളായ നിരവധി യുവതീയുവാക്കൾ തട്ടിപ്പിനിരയായി. ഓൺലൈൻ സ്ഥാപനത്തിന്റെ ആറ്റിങ്ങൽ ശാഖയിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് നാവായിക്കുളം ചിറ്റായിക്കോട് സ്വദേശിയായ യുവതി ഫോൺ നമ്പരിലേക്ക് വിളിച്ചത്. കമ്പനിയുടെ മാനേജരെന്ന് പരിചയപ്പെടുത്തിയ വർക്കല ചെറുന്നിയൂർ സ്വദേശിയായ യുവാവ് ഓഫീസ് സ്റ്റാഫ് എന്ന തസ്തികളിലേക്ക് 12,000 രൂപ മാസ ശമ്പളമെന്നു പറഞ്ഞ് യുവതിയെ നിയമിച്ചു.
വർക്കലയിലും തിരുവനന്തപുരത്തും ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിന്റെ ഓഫീസുകളിലേക്ക് കൂടുതൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നു പറഞ്ഞ് യുവതി മുഖേന കൂടുതൽ ആളുകളെ കണ്ടെത്തി ബയോഡേറ്റയും മറ്റ് രേഖകളും വാങ്ങി നിയമിച്ചു. കൊവിഡ് ആയതിനാൽ ഓഫീസിന്റെ പണികൾ മുടങ്ങിക്കിടക്കുകയാണെന്നു പറഞ്ഞ് ഉദ്യോഗാർത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതേസമയം തന്നെ ഗൾഫിലെ തന്റെ വെജിറ്റബിൾ ട്രേഡിംഗ് കമ്പനിയിലേക്ക് ഫ്രീ വിസയുണ്ടെന്നു പറഞ്ഞ് യുവതിയെ വീണ്ടും സമീപിച്ചു. യുവതി പരിചയപ്പെടുത്തിയ രണ്ട് യുവാക്കളിൽ നിന്നായി 50,000 രൂപ വീതം മെഡിക്കൽ, ഇൻഷ്വറൻസ്, കൊവിഡ് ടെസ്റ്റ് എന്നിങ്ങനെ പറഞ്ഞ് ഇൗടാക്കിയെന്നാണ് ആരോപണം. വിസ പ്രോസസിംഗ് നടക്കുന്നതിന്റെ തെളിവായി വ്യാജ ഇ - മെയിലും ഇവർക്ക് അയച്ചുനൽകി. തമിഴ്നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് തെളിവായി വ്യാജ ഐ.ഡി കാർഡ് കാണിച്ച് കൂടുതൽ വിശ്വാസം നേടിയെടുത്തു. തമിഴ്നാട്ടിലെ ഒരു ബാങ്ക് മുഖേന ഒരാൾക്ക് 20 ലക്ഷം രൂപ ഈസി ലോൺ തരപ്പെടുത്തിത്തരാമെന്നു വിശ്വസിപ്പിച്ച് പലരിൽ നിന്നായി ഇയാൾ പണം തട്ടിയെടുത്തെന്നാണ് ആക്ഷേപം. മാസങ്ങൾ കഴിഞ്ഞിട്ടും ലോൺ കിട്ടാത്തതിനെ തുടർന്ന് സംശയം തോന്നി പണം തിരികെ ചോദിച്ചപ്പോൾ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. യുവാവിന്റെ ആറ് ഫോൺ നമ്പരുകൾ ഇപ്പോൾ പ്രവർത്തനമല്ല. ഇയാൾക്ക് വ്യാജ വിലാസത്തിൽ ആധാർ കാർഡുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 3.8 ലക്ഷം രൂപ നഷ്ടപ്പെട്ട യുവതി കല്ലമ്പലം പൊലീസിലും മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ട ചെറുന്നിയൂർ പേരേറ്റിൽ സ്വദേശിനി വർക്കല പൊലീസിലും പരാതി നൽകി. ഏഴുപേരാണ് വിസ തട്ടിപ്പിന് ഇരയായത്.