തിരുവനന്തപുരം : ഗർഭിണികൾ കൊവിഡ് വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവിഡ് ബാധിച്ചാൽ സ്ഥിതി ഗുരുതരമാകുമെന്ന പശ്ചാത്തലത്തിലാണ് ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ പ്രത്യേക കാമ്പൈൻ ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികളാണ് വാക്‌സിൻ എടുത്തത്. സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ഗൈനക്കോളജിസ്റ്റുകളുടെയും ആശ പ്രവർത്തകരുടെ സഹായത്തോടെ ഗർഭിണികൾക്ക് അവബോധം നൽകും. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്‌സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട കാലയളവിൽ മുലയൂട്ടുന്ന സമയമായാൽ പോലും വാക്‌സിൻ എടുക്കുന്നതിന് തടസമില്ല.
ഡോക്ടർഉൾപ്പെടെ രണ്ട് പേർക്ക് കൂടി സിക്ക
തിരുവനന്തപുരം : സംസ്ഥാനത്ത് ഡോക്ടർ ഉൾപ്പെടെ രണ്ട് പേർക്ക് കൂടി സിക്ക വൈറസ് കണ്ടെത്തി. ഇതുവരെ രോഗം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്താണ് പുതിയ കേസുകൾ. കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (31) എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ്ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 7 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ രോഗമുക്തരായി.