gold

തിരുവനന്തപുരം: ചരക്കുസേവനനികുതി (ജി.എസ്.ടി) വെട്ടിച്ച് എത്തിച്ച ഒന്നരക്കിലോ സ്വർണം ചാലയിലെ വിവിധ കടകളിൽ നിന്ന് ജി.എസ്.ടി ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടി. ബില്ലടക്കം രേഖകളൊന്നുമില്ലാതെ കൊണ്ടുവന്ന അരക്കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണിത്. സംഭവത്തിൽ തൃശൂർ സ്വദേശികളായ രണ്ടുപേർ പിടിയിലായി.

വിവിധ ജുവലറികളിൽ വില്പനയ്ക്കായി എത്തിച്ച 58.89 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് അധികൃതർ അറിയിച്ചു. ഹാൾ മാർക്കിംഗ് ഉള്ളതാണ് ആഭരണങ്ങളെല്ലാം. കടകളിൽ സാമ്പിൾ കാണിക്കുന്നതിന് കൊണ്ടുവന്ന ആഭരണങ്ങളാണെന്നാണ് പിടിയിലായവർ മൊഴി നൽകിയത്.

എന്നാൽ അതിനുള്ള രേഖകൾ ഇവരുടെ പക്കലില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1.71 ലക്ഷം രൂപയുടെ നികുതിയാണ് ഇത്രയും സ്വർണത്തിന് അടയ്‌ക്കേണ്ടത്. പിടികൂടിയ സ്വർണത്തിന് രേഖ ഇല്ലാത്തതിനാൽ വിട്ടുനൽകണമെങ്കിൽ നികുതിത്തുക പിഴയായും സ്വർണത്തിന്റെ വിപണി വിലയായ 59 ലക്ഷം രൂപയും അടയ്ക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.