ulloor

തിരുവനന്തപുരം: ഉള്ളൂർ ജംഗ്ഷന് സമീപത്തെ റോഡിന്റെ വശം ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായിട്ടും അനക്കമില്ലാതെ അധികൃതർ. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന റോഡിലാണ് ഈ അപകടക്കെണി. ഡ്രെയിനേജിന്റെ മൂടി നിർമ്മിക്കാൻ വേണ്ടി എടുത്ത കുഴി മൂടാത്തതാണ് കാരണം. ആദ്യം ചെറിയൊരു കുഴിയായിരുന്നെങ്കിലും മഴ എത്തിയതോടെ കുഴി വലുതായി. സമീപത്തുള്ള ഇന്റർലോക്ക് നടപ്പാതയും ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ദിവസം രണ്ട് വാഹനങ്ങളെങ്കിലും കുഴിയിലാകുന്ന അവസ്ഥാണെന്ന് സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ഇരുചക്രവാഹനവും ഈ കുഴിയിൽ വീണു.യാത്രക്കാരന് പരിക്കില്ലെങ്കിലും ഇനിയും അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എത്രയുംവേഗം കുഴി അടയ്ക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.