1

ശ്രീകാര്യം: സാങ്കേതിക സർവകലാശാലാ പരീക്ഷകൾ പൂർണമായും ഓൺലൈനിൽ നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു.വിന്റെ ആഭിമുഖ്യത്തിൽ ശ്രീകാര്യം എൻജിനിയറിംഗ് കോളേജ് കാമ്പസിലെ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥികൾ അശ്ചിതകാല നിരാഹാരം ആരംഭിച്ചു. സമരത്തിന് മുന്നോടിയായി ഇന്നലെ രാവിലെ പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. മാർച്ച് എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ലോക്ക് ഡൗൺ കാരണം നിറുത്തിവച്ചിരുന്ന പരീക്ഷകൾ കഴിഞ്ഞയാഴ്ചയാണ് പുനരാരംഭിച്ചത്. ഓഫ്‌ലൈൻ പരീക്ഷ അപ്രായോഗികമാണെന്നും ഓൺലൈനായി പരീക്ഷകൾ നടത്തണമെന്നും വിവിധ വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓഫ്‌ലൈൻ പരീക്ഷയുമായി സർവകലാശാല മുന്നോട്ടു പോവുകയായിരുന്നു.

മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർ വൈസ്ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് 5 കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.യു പ്രതിനിധികൾ വൈസ് ചാൻസലറുമായി ചർച്ച നടത്തി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച ചെയ്യാമെന്നറിയിച്ചെങ്കിലും ഇതിൽ വിശ്വാസ്യതയില്ലെന്ന് ആരോപിച്ചാണ് കെ.എസ്.യു പ്രവർത്തകർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനാണ് നിരാഹാരം അനുഷ്ടിക്കുന്നത്.