തിരുവനന്തപുരം: വലിയതുറ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് കരിഞ്ചന്തയിലേക്ക് കടത്തിയത് 19,87,280 രൂപയുടെ ഭക്ഷ്യധാന്യമെന്ന് സപ്ലൈകോ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
52,771 കിലോഗ്രാം അരിയും ഗോതമ്പുമാണ് കസ്റ്റോഡിയൻ എസ്.ഒ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പലഘട്ടങ്ങളിലായി പുറത്തേക്ക് കടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദ്കുമാറിനെതിരെ സപ്ലൈകോ ജില്ലാ ഡിപ്പോ അസി. മാനേജർ വലിയതുറ പൊലീസിൽ പരാതി നൽകി.
വാതിൽപ്പടി വിതരണത്തിെന്റ മറവിൽ 856 കിലോ കുത്തരി, 20,867 കിലോ പുഴുക്കലരി, 19,818 കിലോ പച്ചരി, 11,235 കിലോ ഗോതമ്പ് എന്നിവയാണ് കടത്തിയത്. സംഭവത്തിൽ വിനോദ്കുമാറിനെ അന്വേഷണ വിധേയമായി സപ്ലൈകോ സസ്പെൻഡ് ചെയ്തിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് സപ്ലൈകോ സംശയിക്കുന്നുണ്ട്. സാധനങ്ങൾ എവിടേക്കാണ് കടത്തിയതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം വേണമെന്നാണ് സപ്ലൈകോയുടെ ആവശ്യം. നഷ്ടപ്പെട്ട സാധനങ്ങളുടെ വില ഓഡിറ്റിന് ശേഷം കുറ്റക്കാരിൽ നിന്ന് ഈടാക്കാനാണ് സപ്ലൈകോയുടെ തീരുമാനം.
ഗോഡൗണുകളിൽ നിന്ന് പ്രതിമാസം ടൺ കണക്കിന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായി ഭക്ഷ്യവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും ഉന്നത ഇടപെടലിനെ തുടർന്ന് തുടർ നടപടികളോ വകുപ്പുതല ശുദ്ധീകരണമോ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് 'കേരളകൗമുദി" ജൂലായ് ആറിന് വാർത്ത പ്രസിദ്ധീകിച്ചിരുന്നു.