തിരുവനന്തപുരം: പണം തിരിമറി നടത്തിയ ശ്രീകാര്യം സോണൽ ഓഫീസിലെ ജീവനക്കാരന് സസ്പെൻഷൻ. സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ബിജുവിനെയാണ് മേയറുടെ നിർദ്ദേശമനുസരിച്ച് നഗരസഭ സെക്രട്ടറി സസ്‌പെൻഡ് ചെയ്‌തത്. ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി പിരിവ് തുക യഥാസമയം ബാങ്കിൽ ഒടുക്കുന്നതിൽ ബിജു വീഴ്ച വരുത്തുകയും തുക ഒടുക്കിയെന്ന് തോന്നലുണ്ടാക്കുന്ന വിധത്തിൽ രേഖകളിൽ കൃത്രിമം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകൾ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ സോണൽ ഓഫീസിലും മെയിൻ ഓഫീസിലും അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്താൻ മേയർ നിർദ്ദേശിച്ചു.