തിരുവനന്തപുരം: വനിതാ പൊലീസുകാർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ സീറ്റ് കുത്തിക്കീറിയെന്ന പരാതിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ഏഴ് സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. മുപ്പതോളം ആംബുലൻസുകൾ സർവീസ് നിറുത്തിയതോടെ പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ രജനി, രാജി എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും വാർ റൂമിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് സർവീസ് നടത്തുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരെയാണ് പരാതി. പേട്ട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് സ്വകാര്യ ആംബുലൻസുകളുടെ പാർക്കിംഗ്. പട്രോളിംഗിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പൊലീസുകാരായ രജനിയുടെ ഇരുചക്ര വാഹനത്തിലെത്തിയ ഇരുവരും സ്‌കൂൾ പരിസരത്ത് വാഹനം നിറുത്തിയ ശേഷം സ്‌കൂളിലേക്ക് കയറുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ചില ഡ്രൈവർമാർ അധിക്ഷേപിച്ചെന്നും മടങ്ങിവന്നപ്പോൾ ഇരുചക്ര വാഹനത്തിന്റെ സീറ്റ് കുത്തിക്കീറിയ നിലയിലായിരുന്നെന്നുമാണ് പരാതി. സംഭവം അന്വേഷിക്കാനെത്തിയ കൂടുതൽ പൊലീസുകാർ വാക്കേറ്റത്തിനിടെ ആംബുലൻസിന്റെ താക്കോൽ ഊരിയെടുക്കുകയും അഞ്ചുഡ്രൈവർമാരുടെ ലൈസൻസും പിടിച്ചെടുക്കുകയും ചെയ്തു.
വാർ റൂമിലെ ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് താക്കോൽ തിരികെ നൽകിയത്. ആംബുലൻസുകൾക്ക് മതിയായ രേഖകളില്ലെന്നും ഇവർ സ്ഥിരം പ്രശ്‌നക്കാരാണെന്നും പൊലീസ് പറയുന്നു. എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയോ ആംബുലൻസുകളുടെ ചുമതലയുള്ള കൺട്രോൾ റൂം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയോ പൊലീസ് ചെയ്‌തിട്ടില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു.