ആലക്കോട്: കാർഷിക വിളകളാൽ സമ്പന്നമായ മലയോരത്ത് കാർഷിക നഴ്സറികൾ ഊർദ്ധശ്വാസം വലിക്കുന്നു. കൃഷി ചെയ്യുന്നതിലെ താത്പര്യക്കുറവ്, വന്യജീവികളുടെ ശല്യം, രോഗ കീടബാധകൾ, ഉത്പാദനച്ചെലവ് വർദ്ധന തുടങ്ങിയ നിരവധി കാരണങ്ങളാണ് കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞതാണ് കാർഷിക നഴ്സറികൾക്ക് തിരിച്ചടിയായത്.
കുടിയേറ്റത്തിന്റെ തുടക്ക കാലത്ത് നാടൻ വിത്തിനങ്ങൾ കർഷകർ സ്വന്തമായി മുളപ്പിച്ച് കൃഷിചെയ്യുകയായിരുന്നു. എന്നാൽ 1970 കളിൽ സർക്കാർ ഉടമസ്ഥതയിലുള്ള കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ ലഭിച്ചുതുടങ്ങി. കണ്ണൂർ ജില്ലയിലെ പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെ കണ്ടുപിടുത്തമായ പന്നിയൂർ 1 കുരുമുളക്, കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ടി X ഡി തെങ്ങിൻ തൈകൾ, വിവിധയിനം കവുങ്ങിൻ തൈകൾ, ഇടുക്കി ജില്ലയിലെ ഒരു കർഷകന്റെ കണ്ടുപിടുത്തമായ ഞള്ളാനി ഏലം, ആർ.ആർ.ഐ 105 പോലുള്ള ബഡ് റബ്ബർ തൈകൾ, ടിഷ്യു കൾച്ചർ വാഴത്തൈകൾ, ഗ്രാഫ്റ്റ് ചെയ്ത ഒട്ടുമാവുകൾ, ജാതിതൈകൾ, വാനില തൈകൾ എന്നിവയൊക്കെ കർഷകർക്ക് കൂടുതൽ ആവശ്യമായി വന്നതോടെ നാട്ടിലുടനീളം കാർഷിക നഴ്സറികളും പ്രവർത്തനം തുടങ്ങി.
1990 ന് ശേഷം കാർഷിക മേഖലയ്ക്ക് തിരിച്ചടികൾ നേരിട്ടുതുടങ്ങി. റബറിന്റെ ഉത്പാദനം പതിന്മടങ്ങായി വർദ്ധിച്ചതോടെ വിലയിടിവ് നിത്യസംഭവമായി. കിലോഗ്രാമിന് 100 രൂപവരെ വില ലഭിച്ചിരുന്ന റബ്ബറിന്റെ വില 30 വരെയായി താഴ്ന്നതോടെ ടാപ്പിംഗ് നിലച്ചു. പിന്നീട് റബർമരത്തിൽ കുരുമുളക് ചെടി നട്ടുപിടിപ്പിച്ചവർക്കും തിരിച്ചടിയായിരുന്നു ഫലം. കുരുമുളകിന്റെ വില കിലോയ്ക്ക് 300 രൂപയിൽ നിന്നും 125 വരെ താഴുകയും ദൃുതവാട്ടവും കുമിൾ രോഗങ്ങളും മൂലം കുരുമുളക് കൃഷി പാടെ നശിക്കുകയും ചെയ്തത് കർഷകർക്ക് തിരിച്ചടിയായി. പിന്നാലെ കവുങ്ങുകൾക്ക് മഞ്ഞളിപ്പ്, കൂമ്പ് കുറുകൽ തുടങ്ങിയ രോഗങ്ങൾ പിടിപെട്ട് വ്യാപകമായി കൃഷി നശിച്ചു. അധികം വൈകാതെ തെങ്ങുകൾക്ക് കൂമ്പുചീയൽ, ചെന്നീരൊലിപ്പ് തുടങ്ങിയ രോഗങ്ങളാൽ ലക്ഷക്കണക്കിന് തെങ്ങുകൾ മുറിച്ചു മാറ്റേണ്ടിവന്നു. കാർഷിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിട്ടതിനെ തുടർന്ന് വീടും പുരയിടവും വിറ്റ് ബാദ്ധ്യത തീർത്തു.
ബാക്കിവന്ന തുകയ്ക്ക് അഞ്ചോ പത്തോ സെന്റ് സ്ഥലം വാങ്ങി ജീവിതം പറിച്ചുനട്ടതോടെ കാർഷിക മേഖലയുടെ ശനിദശയും തുടങ്ങി. പുതിയതായി കൃഷിയിടങ്ങൾ വാങ്ങിയവരിൽ ബഹുഭൂരിപക്ഷം പേർക്കും കൃഷി ചെയ്യാൻ താത്പ്പര്യമില്ല. സ്ഥലത്തിന്റെ പരിമിതികൾ മൂലം യഥാർത്ഥ കർഷകന് കൃഷി ചെയ്യാനും നിർവാഹമില്ല.
കാർഷിക നഴ്സറികളിൽ വില്പനയ്ക്കായി ശേഖരിച്ച തൈകൾ സമയാസമയങ്ങളിൽ വിറ്റുപോകുന്നില്ലെങ്കിൽ വൻ നഷ്ടം സഹിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ഇപ്പോൾ മിക്ക നഴ്സറികളിലും വിവിധ തരം അലങ്കാരച്ചെടികളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. അലങ്കാരച്ചെടികൾ മാത്രമായി വിൽപ്പന നടത്തുന്നവരുമുണ്ട്. ഈ നില തുടർന്നാൽ സമീപഭാവിയിൽ തന്നെ കാർഷിക നഴ്സറികൾ ഇല്ലാതാകുന്ന അവസ്ഥയും വന്നുകൂടായ്കയില്ല.