ard

ആര്യനാട്: ലോക് ഡൗൺ കാലയളവിൽ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് വായനയുടെ ലോകത്തെക്കുറിച്ചുള്ള ചിന്തകൾ നഷ്ടപ്പെടാതിരിക്കാൻ ആര്യനാട് ഗ്രാമ പഞ്ചായത്തും മനുഷ്യവിഭവശേഷി വികസന മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത അങ്കൻവാടികളിൽ സഞ്ചരിക്കുന്ന പുസ്തക വണ്ടികളെത്തി. ആദ്യ ഘട്ടത്തിൽ ആര്യനാട് ടൗൺ, ഇറവൂർ, കോട്ടയ്ക്കകം, വലിയ കലുങ്ക്, പറണ്ടോട്, തേവിയാരുകുന്ന് എന്നീ വാർഡുകളിലെ അങ്കൻവാടികൾ കേന്ദ്രീകരിച്ചാണ് പുസ്തക വണ്ടികൾ എത്തുന്നത്. എല്ലാ ആഴ്ചയിലും ഒരു ദിവസം പുസ്തക വണ്ടി എത്തും. സമയം വായനക്കാരായ കുട്ടികൾക്ക് അങ്കൻവാടികളിൽ നിന്നും അറിയിപ്പ് ലഭിക്കും. പുസ്തക വണ്ടിയ്ക്ക് മികച്ച സ്വീകരണമാണ് കേന്ദ്രങ്ങളിൽ ലഭിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും പുസ്തക വണ്ടിയിൽ നിന്നും പുസ്തകം ലഭിക്കും.