prem

മുടപുരം : നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഓർമകൾ നിറയുന്ന ചിറയിൻകീഴ് കൂന്തള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ, കോൺക്രീറ്റ് മന്ദിര ശിലാസ്ഥാപനം നടത്തിയതിന്റെ അൻപതു വയസ്സ് തികഞ്ഞ കഴിഞ്ഞ ദിവസം, പൂർവ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹാദരമർപ്പിച്ചു.1971 നുമുൻപ് സ്കൂൾ, പ്രൈമറി തലമായിരുന്നു. പ്രമുഖ വ്യക്തികളുടെ ആഗ്രഹപ്രകാരമാണ് ഹൈസ്കൂളാക്കി ഉയർത്തിയത്. ഇതിനു വേണ്ടിയുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി നാട്ടുകാർ പ്രേംനസീറിനെ സമീപിച്ചിരുന്നു. 25000 രൂപ പ്രേംനസീർ അന്ന് സംഭാവനയായി സർക്കാർ ട്രഷറിയിൽ അടച്ചു. തുടർന്ന് നിർമ്മിച്ച കോൺക്രീറ്റ് മന്ദിരത്തിന് നടത്തിയ ശിലാസ്ഥാപനത്തിന്റെ അൻപതാം ആണ്ടാണ് സ്കൂളിൽ അന്നു പഠിച്ചിരുന്ന വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഓർമ്മ ദിനമായി കൊണ്ടാടിയത്. കിഴുവിലം വില്ലേജ് ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി, വൈസ് പ്രസിഡന്റ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലഭ, വിനിത, ഗ്രാമ പഞ്ചായത്ത് മെമ്പർ സൈജു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്റ്റാർവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പൂർവ വിദ്യാർത്ഥി ജഗദീഷ്ചന്ദ്രൻ പ്രതീകാത്മക ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. പൂർവ വിദ്യാർത്ഥികളായ സുജാതൻ, ശശാങ്കൻ, തമ്പി, അശോകൻ, രാജശേഖരൻ, വിപിൻ,ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.