photo

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ അരങ്ങേറിയ വൻ തട്ടിപ്പിന്റെ വാർത്തകൾ സഹകരണ പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിച്ചു കഴിയുന്നവരെ ഒന്നടങ്കം ആശങ്കാകുലരാക്കുന്നു. ബാങ്കിന്റെ ഭരണസമിതിയംഗങ്ങളും ഏതാനും ജീവനക്കാരും ചേർന്നു നടത്തിയ കൂട്ടക്കവർച്ചയിൽ സഹകരണബാങ്കിന് നഷ്ടമായത് നൂറോ നൂറ്റിയിരുപതോ കോടി രൂപയാണെന്നാണു പ്രാഥമിക വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മുൻ സെക്രട്ടറി, മുൻ ബ്രാഞ്ച് മാനേജർ, സീനിയർ അക്കൗണ്ടന്റ് എന്നിവരുൾപ്പെടെ ആറുപേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സഹകരണവകുപ്പും സ്വന്തം നിലയ്ക്ക് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നൂറാം വയസിലേക്കു കടക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ കുറച്ചുനാളായി ആസൂത്രിതമായ രീതിയിൽ തട്ടിപ്പു നടന്നുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ബാങ്കിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ കുറെയൊക്കെ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തു. എന്നാൽ നടപടിയെടുക്കേണ്ടവരിൽ നിന്ന് കാര്യമായ ഇടപെടലുകളുണ്ടായില്ല. വസ്തുക്കൾ പണയംവച്ച് വായ്പ എടുത്തവർക്ക് ജപ്തി നോട്ടീസുകൾ വരാൻ തുടങ്ങിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. വായ്പാ കുടിശികയില്ലാത്തവർക്കും നോട്ടീസ് ലഭിച്ചിരുന്നു. അംഗങ്ങൾ വായ്പയ്ക്കായി ഈടു നൽകിയ വസ്തുവിന്റെ പ്രമാണങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വീണ്ടും വൻതോതിൽ വായ്പ എടുത്തിരുന്നുവത്രെ. വായ്പത്തുകയിലധികവും ഒരു വ്യക്തിയുടെ അക്കൗണ്ടിലാണ് വന്നുചേർന്നിരുന്നത്. ഇത്തരത്തിൽ 50 ലക്ഷം രൂപ വീതമുള്ള 46 വായ്പകൾ വരെ ഇയാളുടെ അക്കൗണ്ടിൽ കണ്ടെത്തിയിട്ടുണ്ടത്രെ. ബാങ്കിന്റെ മറ്റു നിക്ഷേപകർ പണത്തിനായി സമീപിക്കുമ്പോൾ അവധി പറയാൻ തുടങ്ങിയപ്പോഴാണ് അംഗങ്ങൾക്ക് സംശയം മണത്തത്.

സംസ്ഥാനത്ത് നല്ലനിലയിൽ നടക്കുന്ന അനേകം സഹകരണ ബാങ്കുകളുണ്ട്. അവയുടെ സൽപ്പേരിനുകൂടി കളങ്കമുണ്ടാക്കുന്നതാണ് സഹകരണ മേഖലയിൽ അങ്ങിങ്ങു നടന്നുകൊണ്ടിരിക്കുന്ന ഇതുപോലുള്ള വലിയ തട്ടിപ്പുകൾ. സഹകരണ ബാങ്കുകളിലെ ഇടപാടുകൾ കൂടുതൽ സുതാര്യവും ക്രമക്കേടുകൾക്ക് പഴുതില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓഡിറ്റിംഗ് അതിന്റെ പൂർണ അർത്ഥത്തിൽ നടക്കേണ്ടത് ആവശ്യമാണ്. നിലവിലെ ഓഡിറ്റിംഗ് കുറ്റമറ്റതാണെന്ന് പറയാനാകില്ല. സഹകരണ സ്ഥാപനങ്ങളും പൂർണമായും രാഷ്ട്രീയ നിയന്ത്രണത്തിലായതോടെ ക്രമക്കേടിനും സ്വജനപക്ഷപാതത്തിനുമുള്ള സാദ്ധ്യത വല്ലാതെ വർദ്ധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലെ സഹകരണ കൊള്ളകളെ അപേക്ഷിച്ച് ഇവിടെ അത്തരം തട്ടിപ്പുകൾ ചെറുതാണെന്നു പറയാം. സഹകരണ തട്ടിപ്പുകളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന മഹാരാഷ്ട്രയാണ് ഈ രംഗത്ത് മുന്നിൽ. ഈ അടുത്തകാലത്ത് പഞ്ചാബ് - മഹാരാഷ്ട്ര സഹകരണ ബാങ്കിൽ നടന്നത് പതിനായിരക്കണക്കിനു കോടി രൂപയുടെ കുംഭകോണമാണ്. വൻകിട രാഷ്ട്രീയക്കാർ പങ്കാളികളായ വേറെയും അനവധി സഹകരണ ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അവിടങ്ങളിൽ അന്വേഷണവും കേസുകളും നടക്കുകയാണ്. കർക്കശമായ നിയന്ത്രണങ്ങളും നിരീക്ഷക സംവിധാനങ്ങളും സഹകരണ ബാങ്കുകൾക്കും ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. സഹകരണ മേഖലയ്ക്കായി കേന്ദ്രം ഈയിടെ പുതിയൊരു വകുപ്പു തന്നെ കൊണ്ടുവന്നിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിനെ ശക്തമായി എതിർക്കുന്നുമുണ്ട്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പ്രയോജനമാകേണ്ട സഹകരണ പ്രസ്ഥാനങ്ങൾ അഴിമതിയുടെയും പണം തട്ടിപ്പിന്റെയും കേന്ദ്രങ്ങളായി മാറാതിരിക്കാനുള്ള ശക്തമായ കരുതൽ നടപടികൾ ആവശ്യമായി വന്നിരിക്കുകയാണ്. സാധാരണക്കാരുടെ നിക്ഷേപങ്ങൾ ദുര മൂത്ത ഒരുകൂട്ടമാളുകൾക്ക് കവർച്ച നടത്താനുള്ളതല്ല.