കിളിമാനൂർ:കൊവിഡ് അതിതീവ്ര വ്യാപനത്തിനിടെ ഓണാഘോഷം വരുന്ന പശ്ചാത്തലത്തിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.പൊലീസ്, എക്സൈസ്, ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ബീവറേജ്, സപ്ലൈകോ, വ്യാപാരി വ്യവസായികൾ, ബാർ ഉടമകൾ, സിവിൽ സ്റ്റേഷനിലെ സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിനെ കോവിഡ് എ കാറ്റഗറിയിലേക്ക് എത്തിക്കുവാനും തീവ്രവ്യാപന വാർഡുകളിലെ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.എ.ടി.എം കൗണ്ടർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ നിർബന്ധം ആക്കുവാനും ബാങ്കുകളിലെ ഇടപാടുകാർക്ക് ഇരിപ്പിടങ്ങൾ സജ്ജീകരിക്കുവാനും രജിസ്റ്റർ സൂക്ഷിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വഴിയോര മീൻ കച്ചവടം അവസാനിപ്പിക്കുവാനും മീൻ വ്യാപാരം കിളിമാനൂർ പബ്ലിക് മാർക്കറ്റിലേക്ക് മാറ്റുവാനും മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കുവാനും ബീവറേജിൽ മിനിമം അഞ്ച് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാനും യോഗം നിർദ്ദേശം നൽകി.