adoor

കിളിമാനൂർ: കളർ പെൻസിൽ വരയിലൂടെ അദ്ഭുതം തീർക്കുന്ന ഏഴാം ക്ലാസുകാരി മാളവികയെയും പ്രകാശപാതയിൽ കൈവിരലുകൾ ചലിപ്പിച്ചു സൃഷ്ടിക്കുന്ന 'നിഴൽ വിസ്മയ' ത്തിലൂടെ ശ്രദ്ധേയയായ ഗോപികയെയും എൻ.കെ. പ്രേമചന്ദ്രൻ എം.പി വീട്ടിലെത്തി അനുമോദിച്ചു. കളർ പെൻസിൽ കൊണ്ട് ഫോട്ടോഗ്രാഫി പോലും തോൽപ്പിക്കുന്ന ചിത്രങ്ങളാണ് കടയ്ക്കൽ ഗവൺമെന്റ് യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരി മാളവിക വരച്ചുകാട്ടുന്നത്. കൈവിരലുകൾ കൊണ്ട് നിഴൽ രൂപങ്ങളൊരുക്കി വിസ്മയം സൃഷ്ടിക്കുന്ന ഗോപിക ഷാഡോഗ്രഫിയെന്ന വ്യത്യസ്തമായ കലാപ്രകടനമൊരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഈ മിടുക്കി മൂന്ന് വയസു മുതൽ ഇന്ദ്രജാല രംഗത്തുണ്ട്. നാടിന്റെ അംഗീകാരവും കടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരവും എം.പി ചടങ്ങിൽ കൈമാറി. കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ അദ്ധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായിൽ എസ്.എൻ.യു.പി.എസ് അദ്ധ്യാപിക അനിതയുടെയും മക്കളാണ് ഗോപികയും മാളവികയും.ഇടത്തറ വിജയൻ, കടയക്കൽ താജുദ്ദീൻ, ആർ.പി.രജനീഷ്,സുധാകരൻ നായർ,ആനപ്പാറ സുരേഷ്,നുജൂബ് ഗോവിന്ദമംഗലം,ഹക്കിം എന്നിവർ പങ്കെടുത്തു.