മുടപുരം: ലക്ഷങ്ങൾ മുടക്കി റീ - ടാർ ചെയ്യുകയും സൈഡ് വാൾ നിർമ്മിക്കുകയും ചെയ്തിട്ടും കൊച്ചാലുംമൂട് - വണ്ടിത്തടം റോഡിലെ വെള്ളക്കെട്ട് മാറുന്നില്ല. ഇത് വാഹനയാത്രക്കാരെയും കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
മുടപുരം - മുട്ടപ്പലം റോഡിൽ തെങ്ങുംവിള മുക്കോല ഭാഗത്ത് തുടങ്ങി വക്കത്തുവിള വഴി കോരാണി-ചിറയിൻകീഴ് റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്.
വെള്ളം ഒഴുകി പോകാൻ ഓടയോ മറ്റ് മാർഗങ്ങളോ ഇല്ലാത്തതിനാൽ ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടി നിൽക്കും. ഇതുമൂലം ഈ ഭാഗത്തെ റോഡിന്റെ ടാർ ഇളകി ഗട്ടറുകൾ രൂപപ്പെട്ടിരിക്കുകയാണ്.
റോഡിന് കുറുകെ കുടിവെള്ള പൈപ്പ് കടന്നുപോകുന്നതിനായി ടാർ കുത്തി പൊളിച്ചിട്ടുണ്ട്. ഇത് റോഡിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ അപകടം വരുത്തുന്നു. ഈ റോഡ് നേരത്തെ ലക്ഷങ്ങൾ മുടക്കി ഗ്രാമ പഞ്ചായത്ത് റീ - ടാർ ചെയ്യുകയും ഈ വെള്ളക്കെട്ടുള്ള സ്ഥലത്ത് 5 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് സൈഡ് വാൾ നിർമ്മിക്കുകയും ചെയ്തു. എന്നാൽ വെള്ളക്കെട്ട് അതുപോലെ തുടരുന്നു.
സൈഡ് വാൾ നിർമ്മിക്കാൻ ചെലവായത്.......... 5 ലക്ഷം
വെള്ളം ദുർഗന്ധപൂരിതം
വെള്ളം തുടർച്ചയായി ദിവസങ്ങളോളം കെട്ടി നിൽക്കുന്നതിനാൽ ഇതുവഴി മീൻ വണ്ടികൾ കടന്നുപോകുമ്പോൾ അതിൽ നിന്ന് മീൻവെള്ളം വീഴുന്നതിനാൽ വെള്ളം ദുർഗന്ധ പൂരിതവും ദുർഗന്ധം വമിപ്പിക്കുകയും ചെയ്യും. ചെളികെട്ടും ഉണ്ടാകും.
വെള്ളക്കെട്ട് ഇവിടെ
റോഡിൽ കുഴിവിള ഭാഗത്തെ വലിയ വളവിലാണ് വെള്ളക്കെട്ടുള്ളത്. ചെറിയ മഴ പെയ്താൽ തന്നെ റോഡിനെ ആകെ മുക്കികൊണ്ട് വെള്ളക്കെട്ട് രൂപം കൊള്ളും.
----------------------------------------------------------------------------------
കാൽനട - വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കൊച്ചാലുംമൂട് - വണ്ടിത്തടം റോഡിലെ വെള്ളക്കെട്ട് ഒഴുവാക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുത്ത് നടപടി സ്വീകരിക്കണം.
അജു കൊച്ചാലുംമൂട്, യൂത്ത് കോൺഗ്രസ് മുൻ കിഴുവിലം മണ്ഡലം പ്രസിഡന്റ്