ആറ്റിങ്ങൽ: വയനാട്ടിലുള്ള രാജമണി എന്ന ബസുടമ കടബാദ്ധ്യത കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുഗതാഗത മേഖലയോടുള്ള സർക്കാരിന്റെ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ ആരോപിച്ചു. ലോക്ക്ഡൗൺ കാരണം സർവീസ് നിലച്ചതോടെ ലോൺ അടയ്ക്കാൻ കഴിയാതെ വന്നതും റോഡ് ടാക്സ് ഉൾപ്പെടെയുള്ള ബാദ്ധ്യതകളുമാണ് ബസുടമയെ കടക്കാരനാക്കിയത്. ഇതുപോലെ ആയിരക്കണക്കിന് ബസുടമകളും പതിനായിരക്കണക്കിന് ബസ് ജീവനക്കാരും പട്ടിണിയിലാണ്. രാജമണിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.