വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ കോലിയക്കോട് വെള്ളാണിക്കൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ വെള്ളാണിയ്ക്കൽ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 105 ലിറ്റർ കോട കണ്ടെത്തി കേസെടുത്തു. കന്നാസുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു കോട സൂക്ഷിച്ചിരുന്നത്. സ്ഥലമുടമയ്ക്ക് കേസുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് എന്നാൽ ടാപ്പിംഗ് തൊഴിലാളികൾക്കും, സ്ഥലത്തെ വ്യാജമദ്യ കച്ചവടക്കാർക്കും സംഭവവുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ സി.ഇ.ഒമാരായ അനിരുദ്ധൻ, സ്നേഹേഷ്, വിഷ്ണു എന്നിവരും പങ്കെടുത്തു .