നാഗർകോവിൽ: കന്യാകുമാരി തിരുവട്ടാറിൽ മദ്യലഹരിയിൽ മദ്ധ്യവയസ്ക്കനെ ബന്ധു തലയ്ക്കടിച്ചുകൊന്നു. തിരുവട്ടാർ, കുട്ടകുഴി സ്വദേശി രംഗസ്വാമി (57) ആണ് മരിച്ചത്. രംഗസ്വാമിയുടെ അനിയന്റെ മകൻ സുഭാഷാണ് കൊലപ്പെടുത്തിയത്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രംഗസ്വാമിയുടെ വീടിനടുത്താണ് സുഭാഷ് താമസിക്കുന്നത്. ഇരുവരും ഇടയ്‌ക്കിടെ വാക്കുതർക്കം പതിവായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ സുഭാഷുമായി വീണ്ടും വാക്കുതർക്കമുണ്ടായി. ക്ഷുഭിതനായ സുഭാഷ് തടിക്കഷണം കൊണ്ട് രംഗസ്വാമിയുടെ തലയിൽ അടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോഴേക്കും സുഭാഷ് ഓടി രക്ഷപ്പെട്ടു. രംഗസ്വാമിയെ നാട്ടുകാർ സ്വാമിയാർ മഠത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിതമാണ് രംഗസ്വാമിയുടെ ഭാര്യ. ഒരു മകനും മകളുമുണ്ട്.