തിരുവനന്തപുരം: ആവനാഴിയിൽ ആരോപണ ശരങ്ങൾക്ക് പഞ്ഞമില്ലാത്ത പ്രതിപക്ഷത്തിന്, ഏറ്റവുമൊടുവിൽ ഒരായുധം കൂടി എറിഞ്ഞുകൊടുത്ത് മന്ത്രി എ.കെ. ശശീന്ദ്രനും. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തുടക്കത്തിലേ പൊടിപാറാനുള്ള സാദ്ധ്യതകളൊരുങ്ങി. ഇരുപത് ദിവസം നീളുന്ന രണ്ടാം സമ്മേളനത്തിന്റെ മുഖ്യ ദൗത്യം ധനാഭ്യർത്ഥനകൾ പൂർത്തിയാക്കി സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയാണ്.
സ്ത്രീ സുരക്ഷാ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഉപവാസം ചർച്ച ചെയ്യാനാവശ്യപ്പെട്ട് പ്രതിപക്ഷത്തെ കെ. ബാബുവിന്റെ നോട്ടീസ് സഭ മുമ്പാകെയുള്ളപ്പോഴാണ്, സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ പാർട്ടി മന്ത്രി ഇടപെട്ടെന്ന ആക്ഷേപവുമായി എൻ.സി.പി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തിയത്. ഒരു പൂവ് മോഹിച്ച പ്രതിപക്ഷത്തിന് പൂന്തോട്ടം ലഭ്യമായ അവസ്ഥ. പദ്മവ്യൂഹം ഭേദിച്ച് ഭരണപക്ഷം എങ്ങനെ പുറത്ത് കടക്കുമെന്നതിനെ ആശ്രയിച്ചാവും സമ്മേളനത്തിന്റെ ഭാവി. ആക്രമണങ്ങൾക്ക് തടയിടാൻ പ്രതിപക്ഷത്തെ അംഗം മാത്യു കുഴൽനാടന്റെ രൂപത്തിൽ മറുമരുന്ന് ഭരണപക്ഷവും കരുതിവച്ചിട്ടുണ്ട്. പോക്സോ കേസിലെ പ്രതിക്കായി കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ വാദിച്ചെന്ന പരാതി ഭരണപക്ഷം സ്പീക്കർക്ക് മുന്നിലെത്തിച്ചുകഴിഞ്ഞു.
സ്ത്രീപീഡന പരാതി നല്ല നിലയിൽ തീർപ്പാക്കണമെന്ന് ഇരയോട് മന്ത്രി ശശീന്ദ്രൻ ഫോണിൽ നിർദ്ദേശിച്ചെന്നാണ് ആക്ഷേപം. മന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ട് മാസം പൂർത്തിയാക്കിയ രണ്ടാം പിണറായി മന്ത്രിസഭ നേരിടുന്ന ആദ്യ വെല്ലുവിളിയായി ഇത് മാറുമോയെന്നാണറിയേണ്ടത്. നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാൻ അപ്പീലുമായെത്തിയ സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നേരിടേണ്ടിവന്ന വിമർശനവും, അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരായ അഴിമതിയാരോപണമാണ് സഭയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ ആദ്യം പറഞ്ഞതുമെല്ലാം പ്രതിപക്ഷത്തിന് ഇന്ധനമാണ്.
മുട്ടിൽ മരംമുറി വിവാദം കത്തിനിൽക്കെ, വിവരാവകാശനിയമപ്രകാരം അപേക്ഷയ്ക്ക് മറുപടി നൽകിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയ്ക്കെതിരായ സർക്കാർ നടപടിയും പ്രതിപക്ഷത്തിന് ആയുധമാണ്. കൊവിഡ് മരണനിരക്ക് കണക്കാക്കുന്നതിലെ കുഴപ്പം, നിയന്ത്രണങ്ങളിലെ പാകപ്പിഴ തുടങ്ങിയ
ആരോപണങ്ങൾക്ക് പുറമെ സ്വർണക്കടത്ത് വിവാദവും പ്രതിപക്ഷമുയർത്തും. അതേസമയം, കൊവിഡ് പ്രതിരോധത്തിൽ, സർക്കാരിന്റെ നേട്ടങ്ങളും, വാക്സിനേഷനിലെ പുരോഗതിയുമൊക്കെ ഭരണപക്ഷവും എടുത്തുകാട്ടാം.
ഇടതുമുന്നണിയെ വെട്ടിലാക്കി മന്ത്രി ശശീന്ദ്രനെതിരായ ആരോപണം
പീഡന പരാതി ഒത്തുതീർപ്പാക്കാൻ എൻ.സി.പിയുടെ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടുവെന്ന യുവതിയുടെ തുറന്നുപറച്ചിലും പുറത്തുവിട്ട ഫോൺ സംഭാഷണവും രണ്ടു മാസം പിന്നിട്ട രണ്ടാം പിണറായി സർക്കാരിനെ വെട്ടിലാക്കുന്നതായി. തുടർഭരണത്തിന്റെ തിളക്കം മങ്ങുമോ എന്ന ആശങ്കയിലാണ് ഇടതു നേതൃത്വം. നാളെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. എൻ.സി.പിയിലെ ആഭ്യന്തരപ്രശ്നമെന്ന് വ്യാഖ്യാനിച്ചാലും സ്ത്രീ നൽകിയ പരാതിയിലുള്ള ഇടപെടലായതിനാൽ സർക്കാരിനെതിരെ രാഷ്ട്രീയആയുധമാക്കി പ്രതിപക്ഷം മാറ്റും.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പരാതി സ്വീകരിക്കാൻ പൊലീസ് വീട്ടിലെത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഉയർന്ന വിവാദം സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ആരോപണ വിധേയൻ എൻ.സി.പി നിർവാഹക സമിതി അംഗമാണ്. പരാതി നൽകിയ യുവതിയുടെ പിതാവ് ബ്ളോക്ക് ഭാരവാഹിയും. പരാതി നല്ല നിലയിൽ തീർക്കണമെന്ന് മന്ത്രി വിളിച്ചുപറഞ്ഞത് പാർട്ടിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന സദുദ്ദേശ്യത്തോടെയാണെന്നാണ് എൻ.സി.പി വൃത്തങ്ങൾ വിശദീകരിക്കുന്നത്.
സ്ത്രീപീഡനമാണെന്ന് അറിയാതെയാണ് പരാതി നല്ല നിലയിൽ തീർക്കണമെന്ന് ഫോണിൽ ആവശ്യപ്പെട്ടതെന്ന് മന്ത്രിയും പറയുന്നു. മന്ത്രിക്ക് പരാതിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നാണ് യുവതിയുടെ വാദം.ഫോൺ സംഭാഷണം ഒരു പരിധിവരെ അതു ശരിവയ്ക്കുന്നു. നല്ലനിലയിൽ എന്നാൽ, ക്ഷമിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് പിതാവ് ശബ്ദരേഖയിൽ ചോദിക്കുന്നുണ്ട്.
സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ നേതാക്കൾ പ്രതികരിച്ചിട്ടില്ല. കാര്യങ്ങളുടെ ഗതി നിരീക്ഷിച്ചശേഷം ഇടപെടാമെന്ന നിലപാടിലാണവർ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവതി തങ്ങളുടെ സ്ഥാനാർത്ഥി ആയിരുന്നതിനാൽ ബി.ജെ.പിയും വിഷയം കടുപ്പിക്കുന്നു.
ഒന്നാം പിണറായി മന്ത്രിസഭയിൽ ഹണിട്രാപ്പ് വിവാദത്തിൽ രാജി വയ്ക്കേണ്ടിവന്ന മന്ത്രിയാണ് ശശീന്ദ്രൻ. പിന്നീട് ജുഡിഷ്യൽ കമ്മിഷൻ ക്ളീൻചിറ്റ് നൽകിയതോടെയാണ് തോമസ് ചാണ്ടി രാജി വച്ച ഒഴിവിലേക്ക് ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയത്.